ഷാർജ : വി.എം. കുട്ടി ഗൾഫുനാടുകളിലെ മലയാളികളുടെ പ്രിയപ്പെട്ട മാപ്പിളപ്പാട്ടുകാരനായിരുന്നു. മാപ്പിളപ്പാട്ടുരംഗത്ത് ആറ്്‌ പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന അദ്ദേഹം യു.എ.ഇ.യിൽമാത്രം നൂറുകണക്കിന് വേദികളിലാണ് ‘മൊഞ്ചുള്ള’ പാട്ടുപാടി സദസ്സിനെ കോരിത്തരിപ്പിച്ചത്. പുതിയ പരീക്ഷണങ്ങളിലൂടെ മാപ്പിളപ്പാട്ടിനെ വി.എം. കുട്ടി ജനകീയമാക്കുകയുംചെയ്തു. 1957 മുതൽ സ്വന്തമായി ഗായകസംഘമുള്ള കലാകാരൻകൂടിയായിരുന്നു വി.എം. കുട്ടി. എരഞ്ഞോളി മൂസയും വി.എം. കുട്ടിയും ഒരുകാലത്ത് പ്രവാസികളുടെ പ്രിയ ഗായകരായിരുന്നു, ഇരുവരും ഒരു മാസത്തിൽ രണ്ടും മൂന്നും തവണയെല്ലാം ഗൾഫുനാടുകളിൽ പാടാനെത്തിയിരുന്നു. ഒരുകാലത്ത് ഏറ്റവും കൂടുതൽ മാപ്പിളപ്പാട്ടുകളുടെ ഓഡിയോ കാസറ്റുകൾ വിറ്റുപോയതും ഇരുവരുടെയും പാട്ടുകൾ തന്നെ. വി.എം. കുട്ടിയുടെ മരുമകൻ ബിസിനസുകാരനായ അബ്ദുൽ അസീസ് ഷാർജയിലാണ്, അതിനാൽ യു.എ.ഇ.യിലെത്തിയാൽ അദ്ദേഹം കൂടുതലും താമസിക്കുന്നതും ഷാർജയിൽ മരുമകന്റെ കൂടെയായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷനിലും ഒട്ടേറെ തവണ വി.എം. കുട്ടി മാപ്പിളപ്പാട്ട് പാടാനെത്തിയിരുന്നു.

അനുശോചിച്ചു

വി.എം. കുട്ടിയുടെ വേർപാടിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ, ഇൻകാസ് യു.എ.ഇ. ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി, ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം എന്നിവരും ഇൻകാസ് ഷാർജ കോഴിക്കോട് ജില്ലാ കമ്മിറ്റി, കണ്ണൂർ സാംസ്കാരിക വേദി ഷാർജ (കസവ്) എന്നിവയും അനുശോചിച്ചു.