അബുദാബി : ബൊമ്മക്കൊലുവൊരുക്കി യു.എ.ഇ.യിലും നവരാത്രിയാഘോഷം സജീവം. മലയാളികളും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഏറെ ആവേശത്തോടെയാണ് ആഘോഷങ്ങളുടെ ഭാഗമാകുന്നത്. സാമൂഹികമായ ഒത്തുചേരലുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ വീണ്ടും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ തനിമയൊട്ടും ചോരാതെ ആഘോഷിക്കുകയാണ് ആളുകൾ. ഇത്തവണ മഹാനവമി വെള്ളിയാഴ്ചയായതിന്റെ സന്തോഷവും വിശ്വാസികൾക്കുണ്ട്. ഒമ്പതുദിവസം നീണ്ടുനിൽക്കുന്ന നവരാത്രിയാഘോഷങ്ങളിൽ പ്രധാനമാണ് ബൊമ്മക്കൊലുവൊരുക്കൽ. ഏറെ കലാപരമായി ബൊമ്മകളെ അലങ്കരിച്ച് ഒരുക്കുന്ന ചടങ്ങ് ഐശ്വര്യമെത്തിക്കുമെന്നാണ് വിശ്വാസം.

തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള പ്രവാസികളാണ് പ്രധാനമായും ബൊമ്മക്കൊലുവൊരുക്കുന്നതെങ്കിലും മലയാളികളും ഭാഗമാകാറുണ്ട്. ആരാധനാ മൂർത്തികളുടെയും മനുഷ്യരുടെയും രൂപത്തിലുള്ള ചെറുരൂപങ്ങൾ ഒരുക്കി മനോഹരമായി അടുക്കിവെക്കുന്ന രീതിയാണിത്. അഞ്ചും ഏഴും ഒൻപതും തട്ടുകളിലായാണ് ഇവ ഒരുക്കുക. ബൊമ്മക്കൊലുവൊരുക്കുന്ന തട്ടിൽ ഏറ്റവും മുകളിലായി സരസ്വതിയുടെയും ലക്ഷ്മിയുടെയും ദുർഗയുടെയും ചെറുരൂപം നിർത്തിവെക്കും. അതിന് താഴെയുള്ള തട്ടിൽ മറ്റ് ദൈവരൂപങ്ങളും താഴെ മനുഷ്യരും മൃഗങ്ങളുമെല്ലാം ഇടംപിടിക്കും. നവരാത്രിയിൽ ആദ്യ മൂന്നുദിവസം ദുർഗപൂജയും അടുത്തമൂന്നുദിവസം ലക്ഷ്മിപൂജയും അവസാന മൂന്നുദിവസം സരസ്വതി പൂജയുമാണ് നടക്കുക. ബന്ധുക്കളും സമീപത്തുള്ള ഫ്ളാറ്റുകളിലെ താമസക്കാരും സുഹൃത്തുക്കളുമെല്ലാം ബൊമ്മക്കൊലുവൊരുക്കുന്ന ഒരു ഫ്ളാറ്റുകളിൽ ഒത്തുചേരുന്ന പതുവുമുണ്ട്.

അജ്മാനിൽ താമസിക്കുന്ന കൊല്ലം സ്വദേശി പത്മകുമാർ ബൊമ്മക്കൊലുവൊരുക്കി ആഘോഷങ്ങൾക്ക് നിറം പകരുകയാണ്. ഭാര്യ മീനയും മക്കൾ ശ്വേതയും സൂര്യനും അമ്മൂമ്മ ലക്ഷ്മിയമ്മാൾ, അമ്മ ശാരദയമ്മാൾ, 105 വയസ്സുള്ള വല്യമ്മ എന്നിവരും ഒപ്പമുണ്ട്. 20 വർഷമായി യു.എ.ഇ.യിലുള്ള അദ്ദേഹം അഞ്ചുവർഷമായി ബൊമ്മക്കൊലുവൊരുക്കാറുണ്ട്. വല്യമ്മയാണ് ബൊമ്മക്കൊലുവൊരുക്കലിന് നേതൃത്വം. അമ്മയും മകനുമെല്ലാം ഇത്തരം ചടങ്ങുകളിൽ സജീവമാണ്. യു.എ.ഇ.യിൽനിന്നുതന്നെ വാങ്ങിയ ബൊമ്മകളാണ് ഇവിടെ വെച്ചിരിക്കുന്നതിൽ അധികമെങ്കിലും നാട്ടിൽനിന്ന് പരമ്പരാഗതമായി അമ്മയ്ക്ക് ലഭിച്ച ബൊമ്മകളെയും ഇതിനൊപ്പം വെച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

സന്ധ്യയ്ക്ക് ആരതിയുഴിഞ്ഞുള്ള പ്രാർഥനയും പ്രസാദം പങ്കുവെക്കലുമെല്ലാം ആഘോഷത്തിന്റെ ഭാഗമാണ്. നവരാത്രി ആചാരങ്ങളുടെ ഭാഗമായി ഓരോദിവസവും ഓരോനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നവരുമുണ്ട്.