ഷാർജ : വിജയദശമിദിനമായ വെള്ളിയാഴ്ച യു.എ.ഇ.യിലും കുട്ടികൾക്ക് ആദ്യക്ഷരങ്ങൾ പകർന്നുകൊടുക്കും. രാവിലെ മുതൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ കുട്ടികളെ എഴുത്തിനിരുത്തുമെന്ന് പ്രസിഡന്റ് ഇ.പി. ജോൺസൺ അറിയിച്ചു. ഏകതാ ഷാർജയുടെ നവരാത്രി ആഘോഷം സമാപനവും വിദ്യാരംഭവും വെള്ളിയാഴ്ച ഷാർജ കിങ് ഫൈസൽ സ്ട്രീറ്റിലെ ഫോർ പോയന്റ് ഷെറാട്ടൺ ഹോട്ടലിലെ നവരാത്രിമണ്ഡപം ഓഡിറ്റോറിയത്തിൽ നടക്കും. കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ പ്രധാനതന്ത്രി മഞ്ചുനാഥ് അഡിഗ, മകൻ ഡോ. നിത്യാനന്ദ അഡിഗ എന്നിവർ വെർച്വൽ ആയി പങ്കെടുത്തായിരിക്കും കുട്ടികളെ എഴുത്തിനിരുത്തുക.

അബുദാബി മലയാളി സമാജത്തിൽ എഴുത്തുകാരനും അധ്യാപകനുമായ മുരളി മംഗലത്ത് കുട്ടികളെ ഹരിശ്രീ എഴുതിക്കും. ഗുരുവിചാരധാര യു.എ.ഇ. കമ്മിറ്റിയുടെ നവരാത്രി മഹോത്സവം വ്യാഴം വൈകീട്ട് 6.30-ന് ദുബായ് അൽ മിന റോഡിലെ ഹയാത്ത് പാലസ് ഹോട്ടലിൽ നടക്കും. മുരളീധരപ്പണിക്കർ നവരാത്രി മാഹാത്മ്യത്തെ കുറിച്ച് പ്രഭാഷണം നടത്തും.

തുടർന്ന് സ്റ്റേജ് ദുബായ്, സമന്വയം കലാസാംസ്കാരിക സമിതി അവതരിപ്പിക്കുന്ന സംഗീതാർച്ചന ഉണ്ടായിരിക്കും. നവരാത്രി പൂജ, ഭജൻ പ്രസാദം എന്നിവയുമുണ്ട്.