ദുബായ് : എക്സ്‌പോയിലെ ഇന്ത്യൻ പവിലിയനിൽ വിപുലമായ നവരാത്രിയാഘോഷങ്ങൾ നടക്കും. തിന്മക്കുമേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന നവരാത്രിയുടെ ഭാഗമായി ഇന്ത്യൻ സമൂഹത്തിനൊപ്പം ലോകരാജ്യങ്ങളിൽനിന്നുള്ളവരും അണിചേരും. ഇന്ത്യയുടെ തനത് കലാസാംസ്കാരിക പരിപാടികളാണ് അരങ്ങേറുക. വ്യാഴം, വെള്ളി ദിവസങ്ങളിൽ രണ്ടിടങ്ങളിലായാണ് ആഘോഷങ്ങൾ നടക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിമുതൽ പത്തുമണിവരെ ഇന്ത്യൻ പവിലിയൻ ആംഫി തിയേറ്ററിൽ തത്സമയ യക്ഷഗാനാവതരണം നടക്കും. തുടർന്ന് ബാബുൾ അവതരണവുമുണ്ടാകും. ശേഷം രാവണവധം യക്ഷഗാനം രണ്ടാംഭാഗവും അരങ്ങേറും. തനത് ഇന്ത്യൻ സാംസ്കാരിക പരിപാടികൾ ലോകജനതയ്ക്ക് നേരിട്ടാസ്വദിക്കാനുള്ള വേദിയാണ് എക്സ്‌പോ തുറന്നിടുന്നത്.

വെള്ളിയാഴ്ച ഇന്ത്യൻ പവിലിയനിലെ ആംഫിതിയേറ്ററിലും കോൺഫറൻസ് ഹാളിലും പരിപാടികൾ നടക്കും. ആംഫിതിയേറ്ററിൽ വൈകീട്ട് നാലുമണിയോടെ യക്ഷഗാനം തത്സമയ പരിപാടി നടക്കും. തുടർന്ന് ബാബുൾ അവതരണമുണ്ടാകും. ശേഷം യക്ഷഗാനം മൂന്നാംഭാഗം ‘ലവകുശൻ’ അരങ്ങേറും. വൈകീട്ട് ഏഴുമുതൽ പത്തുവരെ കോൺഫറൻസ് ഹാളിൽ ‘നാരിശക്തി’ എന്നപേരിൽ ഭക്തിഗാനാലാപനവും നൃത്തവും അരങ്ങേറും. തിന്മയുടെ മേൽ നന്മയുടെ വിജയമെന്ന ആശയത്തിൽ പൂജാഗാനങ്ങളും അവതരണങ്ങളും നടക്കും. എമിറേറ്റ്‌സ് ബംഗാൾ ക്ലബ്ബാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പരിപാടികൾ.