ഇസ്മയിൽ മേലടി :എന്നും 'അവസര'ങ്ങളുടെ മണ്ണായിരുന്നു ദുബായ്, അത് ഈ കോവിഡ് കാലത്തും 'ചലനാത്മകത' കൈവിടാതെ 'സുസ്ഥിരത' നിലനിർത്തുന്നു. മേൽ സൂചിപ്പിച്ച മൂന്ന് കാര്യങ്ങൾ അന്വർഥമാക്കുന്ന ലോകമേളയാണ് ദുബായിൽ ഇതൾ വിരിഞ്ഞിരിക്കുന്ന എക്സ്‌പോ 2020. അതെ, ആ മൂന്ന് 'ഇതളു'കളുടെ പേരുകൾ അങ്ങനെ തന്നെയാണ് എക്സ്‌പോയിൽ ഉപയോഗിച്ചിരിക്കുന്നത്. Opportunity (അവസരം), Mobility (ചലനാത്മകത), Sustainability (സുസ്ഥിരത) എന്നീ മൂന്ന് ഇതളുകളിൽ (Leaves) ലോകത്തെ ഒരു കുടക്കീഴിൽ അണിനിരത്തിയിരിക്കുകയാണ്.

നേരത്തേ തന്നെ പല രാജ്യക്കാരും മതക്കാരും സമാധാനപരമായ സഹവർത്തിത്വത്തോടെ പുലരുന്ന നാടാണ് ദുബായ്. ലോകത്തെ ഏറ്റവും വൈവിധ്യപൂർണമായ സംസ്കാരങ്ങളുടെ സംഗമഭൂമിയായ ദുബായിൽ ഏതാണ്ട് ഇരുന്നൂറ് രാജ്യക്കാർ സ്വസ്ഥമായും ശാന്തമായും വസിക്കുന്നു. വിവിധ സംസ്കാരങ്ങളെയും രാജ്യക്കാരെയും ഒരുപോലെ ഉൾക്കൊള്ളാനും അവർക്ക് സ്വന്തം വ്യക്തിത്വം നിലനിർത്തിക്കൊണ്ട് ഇവിടെ ജീവിക്കാൻ കഴിയും എന്ന് ഉറപ്പുവരുത്താനും ഇവിടുത്തെ ഭരണാധികാരികൾ ശുഷ്കാന്തി കാണിക്കുന്നു. 'യു.എ.ഇ. എല്ലാവരുടെയും രാജ്യമാണെന്നും വീടാണെന്നും യു.എ.ഇ.യുടെ അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ കൂടിയുള്ളതാണെന്നും എല്ലാവരുമായുമുള്ള ബന്ധം സർഗാത്മകമായി നിലനിൽക്കു'മെന്നുമാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അത് മക്തൂം കഴിഞ്ഞ ദിവസവും പറഞ്ഞത്. അത് എല്ലാ അർഥത്തിലും പ്രാവർത്തികമായ മേളയാണ് എക്സ്‌പോ 2020. വർണാഭമായ തൊപ്പി ധരിച്ചു നിൽക്കുന്നത് പോലെ റഷ്യൻ പവിലിയൻ, മഞ്ഞുകൂടാരം പോലെ സന്തോഷം തൂകി നിൽക്കുന്ന ഫിൻലൻഡ്, ദേഹത്തു മുഴുവൻ ടി.വി. സ്ക്രീനുമായി സാങ്കേതിക വിദ്യയുടെ പ്രൗഢി വിളിച്ചോതുന്ന കൊറിയൻ പവിലിയൻ, പച്ചപ്പ് വഴിഞ്ഞൊഴുകുന്ന സിങ്കപ്പൂർ, ആരെയും ഹഠാദാകർഷിക്കുന്ന ന്യൂസീലൻഡ്, നിഗൂഢ സങ്കേതം പോലെ തോന്നിക്കുമ്പോഴും ശബ്ദമുയർത്തി ടാപ്പ് ഡാൻസ് കളിക്കുന്ന സ്പെയിൻ, ഏത് രാജ്യമായാലും എക്സ്‌പോയിലെ പവിലിയൻ ഒരുക്കുമ്പോൾ ശ്രദ്ധയൂന്നിയിരിക്കുന്നത് സ്വന്തം സാംസ്കാരിക പൈതൃകവും ആധുനിക സാങ്കേതിക പുരോഗതിയും ഒരുപോലെ വെളിവാകുന്ന പ്രദർശന വേദി ആയിരിക്കണം എന്നതാണ്. യു.എ.ഇ.ക്ക് ആരുടെ മുമ്പിലും തലയുയർത്തി നിൽക്കാൻ കഴിയുന്ന പ്രദർശന വേദി തന്നെയാണ് എക്സ്‌പോ 2020. പരിസ്ഥിതി സൗഹൃദം, സാങ്കേതികത്തികവ്, സൗകര്യങ്ങളുടെ വിശാലത, സുരക്ഷ തുടങ്ങി എല്ലാ മേഖലകളിലും ലോകത്ത് മറ്റാരേക്കാളും മുന്നിലാണെന്ന് ദുബായ് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ് ഈ മേളയിൽക്കൂടി. 'എക്സ്‌പോ 2020 ദുബായ്' മായാകാഴ്ചകൾ നിങ്ങൾക്കും പങ്കുവെക്കാം: @mpp.co.in. വാട്‌സാപ്പ്: 0508972580