ഷാർജ : 2020 ജൂലായ് ആറിന് ദുബായിലെ കാർഗോ കമ്പനിയിലുണ്ടായ തീപ്പിടിത്തത്തിൽ സാധനങ്ങൾ നഷ്ടമായ മലയാളിക്ക്‌ 40,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി കൊമേഴ്‌സ്യൽ കോടതി ഉത്തരവിട്ടു. നാട്ടിലേക്ക്‌ അയയ്ക്കാനായി കാർഗോയിൽ ഏൽപ്പിച്ച സാധനങ്ങൾ നഷ്ടപ്പെട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട സ്വദേശി തോമസ് എബ്രഹാമിനാണ് അബുദാബി കോടതിയുടെ അനുകൂലവിധി. 2019 -ലാണ് പരാതിക്കാരൻ ഫർണിച്ചറടക്കം വീട്ടുപകരണങ്ങൾ നാട്ടിലേക്ക്‌ അയയ്ക്കാനായി കാർഗോയിൽ ഏൽപ്പിച്ചത്. എന്നാൽ, സാധനങ്ങൾ നാട്ടിലേക്ക്‌ അയയ്ക്കാതെ നിരുത്തരവാദത്തോടെ കൈകാര്യം ചെയ്തുവെന്ന് കാണിച്ചാണ് കോടതിയെ സമീപിച്ചത്. കോവിഡിൽ ജോലിനഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചുപോകുമ്പോഴാണ് തോമസ് എബ്രഹാം നാട്ടിലേക്ക്‌ അയയ്ക്കാനായി സാധനങ്ങൾ കാർഗോയിൽ ഏൽപ്പിച്ചത്. ഒരുവർഷം കഴിഞ്ഞിട്ടും സാധനങ്ങൾ ലഭിക്കാത്തതിനെത്തുടർന്ന് കാർഗോയിൽ അന്വേഷിച്ചപ്പോഴാണ് തീപ്പിടിത്തമുണ്ടായതായി അറിഞ്ഞത്. നാട്ടിലേക്ക്‌ അയയ്ക്കാൻ ഏൽപ്പിച്ച സാധനങ്ങളെക്കുറിച്ച് ഒരു വിവരവും നൽകാത്തതിനാലാണ് തോമസ് എബ്രഹാം നോർക്കയുടെ നിയമോപദേഷ്ടാവ് കൂടിയായ അഡ്വ. ഫെമിൻ പണിക്കശ്ശേരിയെ സമീപിച്ച് അബ്ദള്ള അൽ നഖ്ബി അഡ്വക്കേറ്റ്‌സ് മുഖേന കോടതിയിൽ പരാതി നൽകിയത്. കൃത്യമായ സേവനനിരക്ക് ഈടാക്കിയിട്ടും സാധനങ്ങൾ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ കമ്പനിയുടെ നടപടി വാണിജ്യ വിനിമയനിയമം ആർട്ടിക്കിൾ 304-ന് വിരുദ്ധമായതിനാലാണ് കോടതി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടതെന്ന് അഡ്വ. ഫെമിൻ പണിക്കശ്ശേരി പറഞ്ഞു. സാധനങ്ങൾ നഷ്ടപ്പെട്ട കൂടുതൽപ്പേർ നഷ്ടപരിഹാരം ലഭിക്കാനായി കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം അറിയിച്ചു.