ദുബായ് : ലോകമഹാമേളയിലേക്കുള്ള പ്രവേശനം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ഡ്രൈവർമാർക്കും നിർമാണ തൊഴിലാളികൾക്കും സൗജന്യമായിരിക്കും. വീട്ടുജോലിക്കാർക്കും ആയമാർക്കും നേരത്തെതന്നെ സൗജന്യപ്രവേശനം അനുവദിച്ചിരുന്നു. ഹോട്ടൽ, റെസ്റ്റോറന്റ്, കഫ്റ്റീരിയ തൊഴിലാളികൾക്ക് ഈ മാസം എക്സ്‌പോ സൗജന്യമായി കാണാം. എക്സ്‌പോ ഓഫീസിലെത്തി മതിയായ രേഖകൾ ഹാജരാക്കിയാൽ പാസ് ലഭിക്കും.

ആർ.ടി.എ. ഡ്രൈവർമാർ തിരിച്ചറിയൽകാർഡും താമസവിസയും കാണിച്ചാൽ ഒരു ദിവസം സൗജന്യമായി പ്രവേശനം നൽകും.

എക്സ്‌പോ സൈറ്റിൽ ജോലിചെയ്തവർ അടക്കമുള്ളവർക്ക് വിവിധ സംഘങ്ങളായി എക്സ്‌പോ സന്ദർശനം നടത്താവുന്നതാണ്. ഇതിന് ഒരാൾക്ക് ഒരുദിർഹം വീതം അതത് കമ്പനികൾ നൽകണം. 3.5 ലക്ഷത്തിലേറെ തൊഴിലാളികൾക്ക് അവസരം ലഭിക്കും. ഓൺലൈൻവഴി പാസ് ലഭിക്കില്ല.

60 വയസ്സിന് മുകളിലുള്ളവർ, 18 വയസ്സിൽ താഴെയുള്ളവർ, വിദ്യാർഥികൾ, നിശ്ചയദാർഢ്യക്കാർ എന്നിവർക്ക് പ്രവേശനം സൗജന്യമാണ്.