ഷാർജ : നാല്പതാം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്കുള്ള (എസ്.ഐ.ബി.എഫ്) ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമദ് റക്കാദ് അൽ അമിരി പറഞ്ഞു. ‘എന്നും എവിടെയും കൃത്യമായ പുസ്തകമുണ്ട്’ എന്ന പ്രമേയത്തിൽ നവംബർ മൂന്ന് മുതൽ 13 വരെ ഷാർജ അൽ താവൂനിലെ എക്സ്‌പോ സെന്ററിലാണ് പുസ്തകമേള. യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് മേള. ഷാർജ ഹൗസ് ഓഫ് വിസ്ഡം ലൈബ്രറിയിൽ ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് അഹമദ് റക്കാദ് അൽ അമിരി ഇക്കാര്യം വിശദീകരിച്ചത്.

സ്പെയിനാണ് ഇത്തവണത്തെ അതിഥിരാജ്യം. സാഹിത്യത്തിനുള്ള ഇത്തവണത്തെ നൊബേൽ ജേതാവ് ടാൻസാനിയൻ എഴുത്തുകാരൻ അബ്ദുൽ റസാഖ് ഗുർന എത്തുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അൾജീരിയൻ നോവലിസ്റ്റ് യാസ്മിന ഖദ്ര, ദ പെർസ്യൂട്ട് ഓഫ് ഹാപ്പിനെസ് എന്ന അമേരിക്കൻ ചിത്രത്തിന് കാരണമായ ബിസിനസ് മാൻ ക്രിസ് ഗാർഡ്‌നർ, ഇന്ത്യയിൽനിന്ന് അമിതാവ് ഘോഷ്, ചേതൻ ഭഗത് തുടങ്ങിയവരും കേരളത്തിൽനിന്ന് സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയും പങ്കെടുക്കും. ഇന്ത്യയിൽനിന്ന് വരുന്നവരുടെ കൂടുതൽ പേരുകൾ അടുത്തദിവസങ്ങളിൽ പ്രഖ്യാപിക്കും.

കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ടി.എൻ. പ്രതാപൻ, വി.ഡി. സതീശൻ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, നടൻ ആസിഫ് അലി എന്നിവരും മേളയിലെത്തുന്നുണ്ട്. ആസിഫ് അലിയുടെ ഭാര്യാമാതാവിന്റെ പുസ്തകം മേളയിൽ പ്രകാശനം ചെയ്യും. മണി ഹീസ്റ്റ് എന്ന ത്രില്ലർ ടി.വി. പരമ്പരയുടെ അണിയറക്കാരും മേളയിലുണ്ടാകും. 11 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പുസ്തകപ്രകാശനം, സംവാദം, ചർച്ചകൾ, അഭിമുഖം എന്നിവയും പാചക പരിപാടികൾ, സംഗീതപരിപാടികൾ, വിവിധ കലാസാംസ്കാരിക പരിപാടികൾ എന്നിവയും അരങ്ങേറും. എഴുത്തുകാരും വിവിധ കലാകാരൻമാരും പ്രസാധകരും മേളയിൽ സംഗമിക്കും. 2020- ൽ ഓൺലൈൻ വഴിയായിരുന്നു മേളയിലെ ചർച്ചകൾ അധികവും. അതിഥികളും ഓൺലൈൻ വഴിയായിരുന്നു പങ്കെടുത്തത്.

ഇന്ത്യയിൽനിന്ന് 83 പ്രസാധകർ

ഇന്ത്യ ഉൾപ്പെടെ 81 രാജ്യങ്ങളിൽനിന്ന് 1559 പ്രസാധകർ മേളയുടെ ഭാഗമാകും. മലയാളം ഉൾപ്പെടെ 83 പ്രസാധകർ എത്തും. ഈജിപ്തിൽനിന്നാണ് കൂടുതൽ പ്രസാധകർ എത്തുക. 293. യു.എ.ഇ.യിൽനിന്ന് 240 പ്രസാധകർ ഉണ്ടാകും. ബ്രിട്ടൻ 132, ലെബെനൻ 111 എന്നിങ്ങനെയാണ് മറ്റുള്ളവർ. ഒട്ടേറെ പുതിയ രാജ്യങ്ങളിൽനിന്ന് ഇത്തവണ പ്രസാധകരെത്തുന്നുണ്ട്. ടാൻസാനിയ, അൾജീരിയ, കൊളംബിയ, കാമറൂൺ, സുഡാൻ എന്നിവയടക്കം 10 പുതിയ രാജ്യങ്ങൾ മേളയിൽ പങ്കെടുക്കും. വെള്ളി ഒഴികെ രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പുസ്തകമേള. വെള്ളിയാഴ്ചകളിൽ വൈകീട്ട് നാല് മുതൽ രാത്രി 10 വരെയുമാണ് പൊതുജനങ്ങൾക്ക് സൗജന്യപ്രവേശനം. വ്യാപാര സംബന്ധമായി സന്ദർശിക്കുന്നവർ, പ്രസാധകർ, ഗവേഷകർ, സ്ഥാപനങ്ങൾ, ലൈബ്രറികൾ എന്നിവയുടെ പ്രതിനിധികൾക്ക് രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെയാണ് പ്രവേശനം. സന്ദർശകർ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തിരിക്കണം- www.sibf.com.

റൈറ്റേഴ്‌സ് ഫോറം ഉണ്ടാകും

ഇന്ത്യൻ പവിലിയനിലെ റൈറ്റേഴ്‌സ് ഫോറം ഇത്തവണയുണ്ടാകുമെന്ന് ബുക്ക് അതോറിറ്റി എക്‌സ്റ്റേണൽ അഫയേഴ്‌സ് എക്സിക്യുട്ടീവ് മോഹൻകുമാർ പറഞ്ഞു. കോവിഡിനെത്തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ കഴിഞ്ഞ വർഷം റൈറ്റേഴ്‌സ് ഫോറം ഉണ്ടായിരുന്നില്ല. മലയാളം അടക്കമുള്ള ഇന്ത്യൻ പുസ്തകങ്ങൾ പ്രകാശനം ചെയ്യാനുള്ള വേദിയാണ് റൈറ്റേഴ്‌സ് ഫോറം. കഴിഞ്ഞ വർഷം റൈറ്റേഴ്‌സ് ഫോറത്തിന്റെ അഭാവത്തിൽ മിക്കവരും സ്റ്റാളുകൾക്ക് മുന്നിലായിരുന്നു പ്രകാശനം നടത്തിയത്. ഇപ്രാവശ്യം 130 പുസ്തകങ്ങൾ പ്രകാശനം ചെയ്യുമെന്നാണ് പ്രതീക്ഷ. ഇരുന്നൂറിലേറെ അപേക്ഷകൾ ഇത് സംബന്ധിച്ച് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശസ്ത എഴുത്തുകാരുടെ ഒട്ടേറെ പുസ്തകങ്ങളുമായാണ് പതിവുപോലെ ഇത്തവണയും പ്രസാധകർ എത്തുക.

പ്രസാധക, ലൈബ്രറി സമ്മേളനങ്ങൾ

-ാം പ്രസാധക സമ്മേളനം മേളയ്ക്ക് മുൻപായി ഒക്ടോബർ 31 മുതൽ നവംബർ രണ്ട് വരെ നടക്കും. 520 പ്രസാധകരും 35 പ്രസംഗകരും പങ്കെടുക്കും. അന്താരാഷ്ട്ര പ്രസാധക സംഘടനയുടെ നേതൃത്വത്തിൽ മൂന്ന് ദിവസമാണ് സമ്മേളനം. പ്രസാധകർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യും. പുസ്തക വിവർത്തനങ്ങളുടെ അവകാശങ്ങൾ കൈമാറുകയും ചെയ്യും. എട്ടാമത് ഷാർജാ അന്താരാഷ്ട്ര ലൈബ്രറി സമ്മേളനം നവംബർ ഒമ്പത് മുതൽ 11 വരെയായി നടക്കും. ലൈബ്രേറിയൻമാർ, ലൈബ്രറി പ്രൊഫഷണലുകൾ, പ്രഭാഷകർ എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ഷാർജ പോലീസ് സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. അഹമദ് സഈദ് അൽ നൗഅർ, ഇത്തിസലാത്ത് നോർത്തേൺ എമിറേറ്റ്‌സ് ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് താരിം, ഷാർജ ടി.വി. ഡയറക്ടർ സാലിം അൽ ഗൈതി തുടങ്ങിയവർ പങ്കെടുത്തു.