ഭൂമിദേവി: മൂലപ്രകൃതിയായ ദേവിയുടെ പ്രധാന അംശാവതാരമാണ്‌ ഭൂമീദേവി. സകല ജീവജാലങ്ങൾക്കും ആധാരഭൂത. വിരാട്‌ സ്വരൂപിയായ ഭഗവാന്റെ രോമകൂപങ്ങളാണ്‌ ഭൂമിയായിത്തീർന്നത്‌. സൃഷ്ടി നടക്കുമ്പോൾ വെള്ളത്തിന്‌ ഉപരിഭാഗത്തും പ്രളയകാലത്ത്‌ വെള്ളത്തിനുള്ളിലും ഭൂമി സ്ഥിതിചെയ്യുന്നു. ബ്രഹ്മാവ്‌ സൃഷ്ടി നടത്തുമ്പോൾ രസാതലത്തിലേക്ക്‌ താണുപോയ ഭൂമിയെ ശ്രീഹരി വരാഹരൂപം ധരിച്ച്‌ ഉദ്ധരിച്ചു. ഭാഗവതം ഏകാദശസ്കന്ധത്തിൽ പറയുന്ന അവധൂതന്റെ 24 ഗുരുനാഥന്മാരിൽ ആദ്യത്തെ ഗുരു ഭൂമിയാണ്‌. രാവിലെ എഴുന്നേറ്റാൽ കാൽ ഭൂമിയിൽ വെക്കുന്നതിനു മുമ്പ്‌

‘സമുദ്രവസനേ ദേവീ പർവതസ്തന മണ്ഡലേ

വിഷ്ണുപത്നീ നമസ്തുഭ്യം പാദസ്പർശം ക്ഷമസ്വമേ’

എന്ന്‌ ഭൂമിദേവിയെ സ്മരിക്കണം.

സുരഭി: ഗോക്കളുടെ അധിഷ്ഠാധൃ ദേവതയാണ്‌ സുരഭി. ശ്രീകൃഷ്ണൻ രാധയോടുകൂടി വൃന്ദാവനത്തിൽ ക്രീഡിക്കുമ്പോൾ പാല്‌ കുടിക്കാനാഗ്രഹിച്ചു. ഭഗവാനപ്പോൾ കിടാവോടുകൂടിയ സുരഭിയെ സൃഷ്ടിച്ചു.

‘നമോ ദേെെവ്യ മഹാദേെെവ്യ സുര​​​​​െ​െഭ്യ ച നമോ നമഃ

ഗവാം ബീജരൂപായൈ നമസ്തേ ജഗദംബികേ’

എന്നിങ്ങനെ സുരഭിയെ സ്തുതിക്കുന്നവർക്ക്‌ എല്ലാ മംഗളങ്ങളും ഉണ്ടാകും.

സംസാരദുഃഖത്തെ ഇല്ലാതാക്കുന്ന ഭുവനേശ്വരിയുടെ പരമമായ സ്ഥാനമാണ് മണിദ്വീപം. ബ്രഹ്മലോകത്തിനുമുകളിലായി പ്രസിദ്ധമായ സർവലോകം സ്ഥിതി ചെയ്യുന്നു. ദേവിവിരാജിച്ചരുളുന്ന മണിദ്വീപം അതാണ്. മണിദ്വീപത്തിനുചുറ്റും സുധാസമുദ്രം.

സുധാസമുദ്രത്തിന്റെ തീരത്ത് രത്നവൃക്ഷനിബിഡമായ ഒരു വനമുണ്ട്. അതിനപ്പുറത്ത് ഇരുമ്പുകൊണ്ടുള്ള വലിയ കോട്ടയുണ്ട്. അതിനുമപ്പുറത്ത് ഓട്, ചെമ്പ്, പിച്ചള, പഞ്ചലോഹം, വെള്ളി മുതലായവയാൽ നിർമിതമായ പ്രത്യേകം കോട്ടമതിലുകളുണ്ട്. ഈ കോട്ടകൾക്കപ്പുറത്താണ് ചിന്താമണിഗൃഹം. അതിന്റെ മധ്യഭാഗത്ത് വിരാജിക്കുന്നതാണ് ദേവിയുടെ സദനം. ആയിരം തൂണുകൾവീതമുള്ള നാലുമണ്ഡപങ്ങൾ അവിടെയുണ്ട്.

ചിന്താമണിഗൃഹത്തിൽ ശക്തിതത്ത്വാത്മികങ്ങളായ പത്തുസോപാനങ്ങളോടുകൂടിയ ഒരു മഞ്ചം ശോഭിക്കുന്നു. ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ, ഈശ്വരൻ എന്നിവർ മഞ്ചത്തിന്റെ നാലുകാലുകളും സദാശിവൻ പലകയുമാണ്. അതിനുമീതെയാണ് ഭുവനേശ്വരിയായ മഹാദേവി വിരാജിക്കുന്നത്.

മഹാദേവന്റെ വാമാങ്കത്തിൽ വാണരുളുന്ന ദേവി നവരത്നംപതിച്ച കാഞ്ചി അരഞ്ഞാണവും തങ്കത്തിൽ പണിത തോൾവളകളും ധരിച്ചിട്ടുണ്ട്. മനോഹരമായ മുഖത്തോടും തൊണ്ടിപ്പഴംപോലെയുള്ള ചുണ്ടുകളോടും ചന്ദ്രക്കലയെ വെല്ലുന്ന ലലാടത്തോടും മനോഹരങ്ങളായ നേത്രങ്ങളോടും നാലുകൈകളിൽ വരം, പാശം, അങ്കുശം, അഭയം എന്നിവ ധരിച്ചവളുമാണ് ഭുവനേശ്വരി.

എല്ലാ ഐശ്വര്യത്തിന്റെയും സർവജ്ഞത, തേജസ്സ്, പരാക്രമം എന്നിവയുടെയും പരിസമാപ്തിയാണ് മണിദ്വീപം. രാജാനന്ദംമുതൽ ബ്രഹ്മാണ്ഡംവരെയുള്ള എല്ലാ ആനന്ദവും ഇവിടെയുണ്ട്. ദേവിയുടെ ഏറ്റവും ഉത്തമമായ സ്ഥാനമാണിത്.