ദുബായ് : മജ്‌ലിസുകൾ (സഭ) ആളുകളെ നിറത്തിന്റെയും വർഗത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിക്കുന്നതല്ല, സമൂഹത്തെ ഒന്നിച്ചുചേർക്കുന്ന പങ്കുവെക്കലുകളുടേതാകട്ടെയെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ ഇത്തരം ഒത്തുചേരലുകൾക്കുള്ള പങ്ക് വ്യക്തമാക്കിക്കൊണ്ട് ഇതുമായി ബന്ധപ്പെട്ട കരട് നയങ്ങൾ അദ്ദേഹം പുറത്തിറക്കി.

മജ്‌ലിസുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും പദ്ധതികൾ എക്‌സിക്യുട്ടീവ് കൗൺസിൽ അംഗീകാരത്തിനായി അവതരിപ്പിക്കുന്നതുമടക്കമുള്ള ചുമതല സാമൂഹിക വികസനവകുപ്പിനാണ്. ഇമിറാത്തി പൈതൃകത്തിന്റെ ഭാഗമാണ് മജ്‌ലിസുകൾ. പൈതൃക കൈമാറ്റത്തിൽ മജ്‌ലിസിന്റെ പങ്ക് യുനെസ്കോ അംഗീകാരമടക്കം നേടിയതാണ്.

ഇതിന്റെ ഭാഗമായ ഖാവയും റാസ നൃത്തവുമടക്കമുള്ളവയെ യുനെസ്കോ പ്രകീർത്തിക്കുന്നു. ദേശീയ ഐക്യവും സഹവർത്തിത്വവും സംസ്‌കൃതിയും ഉറപ്പാക്കുന്നതിൽ മജ്‌ലിസുകൾ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

മജ്‌ലിസുകളെ വ്യക്തി, പ്രത്യേകസംഘ കേന്ദ്രീകൃതമാകാതെ ഏവരെയും ചേർത്തുനിർത്തുന്നതാക്കി മാറ്റുന്നത് ഉറപ്പാക്കുന്നതാണ് പുതിയ തീരുമാനം. ഇതിന്റെ പേരിൽ പണം സ്വീകരിക്കുന്നതും വിതരണം ചെയ്യുന്നതും അത്തരം ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതും പുതിയ തീരുമാനം വിലക്കുന്നു. സാമൂഹിക വികസനവകുപ്പ് ഡയറക്ടർ ജനറൽ ഇതുസംബന്ധിച്ച തീരുമാനങ്ങൾക്ക് മേൽനോട്ടം വഹിക്കും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.

മജ്‌ലിസുകൾ മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് നൽകുന്ന സംഭാവനകൾ ഏറെ വലുതാണെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനൊപ്പമുള്ള മജ്‌ലിസിനെ അടിസ്ഥാനമാക്കി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടിരുന്നു. ശൈഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ ഒട്ടേറെ മജ്‌ലിസുകൾ നടന്നുവരാറുണ്ട്. കോവിഡിൽ പകച്ചുനിൽക്കുന്ന ജനതയ്ക്ക് ആത്മവിശ്വാസമേകുന്ന വാക്കുകളും ശൈഖ് മുഹമ്മദിന്റെ മജ്‌ലിസുകളിൽനിന്ന്‌ ഉണ്ടാകാറുണ്ട്.