ദുബായ് : നിശ്ചയദാർഢ്യക്കാരെ സഹായിക്കുന്നതിനായി ഈജിപ്തിന്റെ ഗ്രാമീണമേഖലകളിൽ യു.എ.ഇ. 60 പ്രത്യേകകേന്ദ്രങ്ങൾ സ്ഥാപിക്കും. സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷനും അബുദാബി ഇൻവെസ്റ്റ്‌മെന്റ് കമ്പനിയും സംയുക്തമായാണ് പുതിയ സംരംഭമായ ബ്രിഡ്ജസ് ഓഫ് ഹോപ്പ് പദ്ധതി നടപ്പാക്കുക.

വൈകല്യമുള്ളവരെയും പഠനബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും ഇതിലൂടെ പിന്തുണയ്ക്കും. ഈജിപ്തിലെ യുവജന, കായിക മന്ത്രാലയവുമായി ചേർന്ന് ഇതുമായി ബന്ധപ്പെട്ടുള്ള യു.എ.ഇ. സംഘടനകൾ പ്രവർത്തിക്കും. സഹായം ആവശ്യമുള്ളവരെ കണ്ടെത്തുന്നതിനും മാനസികപിന്തുണ നൽകുന്നതിനും സാമൂഹികപ്രവർത്തകരും ഡോക്ടർമാരും വിവിധയിടങ്ങളിൽ ശില്പശാലകൾ സംഘടിപ്പിക്കും.

ഇരുരാജ്യങ്ങളും തമ്മിൽ ചരിത്രപരമായ ബന്ധമാണ് നിലനിൽക്കുന്നത്. കൂടാതെ, എല്ലാ പൗരൻമാരുടെയും ക്ഷേമം ഉറപ്പാക്കലും സാമ്പത്തിക-സാമൂഹിക പുരോഗതി വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളും തുടരുകയാണെന്ന് സായിദ് ഹയർ ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ അബ്ദുല്ല അൽ ഹുമൈദാൻ പറഞ്ഞു. പിന്തുണ ആവശ്യമുള്ള പലരുടെയും ജീവിതത്തെ മാറ്റിമറിക്കാൻ പദ്ധതി സഹായിക്കുമെന്ന് അബുദാബി ഇൻവെസ്റ്റ്‌മെന്റ് കമ്പനി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അനസ് അൽബർഗുത്തി വ്യക്തമാക്കി.