അബുദാബി : ഫെബ്രുവരി മൂന്നുമുതൽ 12 വരെ നടക്കുന്ന ഫിഫ ക്ലബ്ബ്‌ വേൾഡ്കപ്പ് മത്സരങ്ങൾ ആകർഷകമാക്കാൻ റോഡ്‌ഷോ ഒരുങ്ങുന്നു. ഫുട്‌ബോൾ ആരാധകർക്ക് ട്രോഫിയും ഭാഗ്യചിഹ്നം ‘ദാബി’യെയും കാണാനും ആകർഷകങ്ങളായ പരിപാടികളുടെ ഭാഗമാകാനും ഇത് അവസരമൊരുക്കും. മത്സരാവേശം പങ്കുവെക്കുന്നതിനുപുറമെ മേഖലയിലെ യുവജനങ്ങൾക്കിടയിൽ കായികസംസ്കാരം വാർത്തെടുക്കുന്നതിനുള്ള പദ്ധതികളും ഇതോടനുബന്ധിച്ച് നടപ്പാക്കും.

എക്സ്‌പോ 2020 വേദികളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും റോഡ്‌ഷോകൾ സജീവമാകും. ആരാധകർക്ക് ട്രോഫിയോടൊപ്പം ഫോട്ടോകളെടുക്കാൻ അവസരം നൽകും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കായികമാമാങ്കമായ ഫിഫ ക്ലബ്ബ്‌വേൾഡ് കപ്പിനോടനുബന്ധിച്ച് ഭാഗ്യചിഹ്നം ‘ദാബി’യെ ആരാധകർക്ക് മുമ്പിൽ വീണ്ടും അവതരിപ്പിക്കുന്നതിന് ഏറെ സന്തോഷമുണ്ടെന്ന് ഫിഫ ക്ലബ്ബ്‌ വേൾഡ്കപ്പ് യു.എ.ഇ. പ്രാദേശിക സംഘാടകസമിതി വക്താവ് മുഹമ്മദ് അബ്ദുല്ല ഹസം അൽ ദാഹിരി പറഞ്ഞു. അഞ്ചാംതവണയാണ് ക്ലബ്ബ്‌ ലോകകപ്പിന് അബുദാബി ആതിഥേയത്വം വഹിക്കുന്നത്. ആരാധകർക്ക് അവിസ്മരണീയമായ നിരവധി മുഹൂർത്തങ്ങളാണ് ഇത് സമ്മാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ആതിഥേയരായ അൽ ജസീറ ക്ലബ്ബും ഒ.എഫ്.സി. പ്രതിനിധി എ.എസ്. പിറെയും തമ്മിൽ ഫെബ്രുവരി മൂന്നിന് നടക്കുന്ന ഉദ്ഘാടനമത്സരത്തിനു മുന്നോടിയായി റോഡ്‌ഷോയും നടത്തും. ചെൽസി എഫ്.സി., സി.എഫ്. മോന്റെറി, അൽ ഹിലാൽ എസ്.എഫ്.സി., അൽ അഹ്‌ലി എസ്.സി, എസ്.ഇ. പാമിറാസ് തുടങ്ങിയ ടീമുകൾ ക്ലബ്ബ്‌ ലോകകപ്പിൽ മാറ്റുരയ്ക്കും. 12 വയസ്സിന് താഴെ പ്രായമുള്ളവർക്ക് സ്റ്റേഡിയത്തിൽ പ്രവേശനമില്ല.

12 വയസ്സിന് മുകളിലുള്ളവർക്ക് അൽ ഹൊസൻ ഗ്രീൻ പാസും 48 മണിക്കൂറിനകം ലഭിച്ച പി.സി.ആർ. നെഗറ്റീവ് ഫലവും നിർബന്ധമാണെന്ന് സംഘാടകസമിതി വ്യക്തമാക്കി.