ദുബായ് : എമിറേറ്റിലെ ആകർഷണകേന്ദ്രങ്ങളായ ജെ.എൽ.ടി., ജുമൈറ ഐലൻഡുകൾ വിപുലമായ നവീകരണത്തിനൊരുങ്ങുന്നു. ഈ വർഷം പുതിയ റോഡ് ശൃംഖലകൊണ്ട് പ്രദേശത്തെ ബന്ധിപ്പിക്കുമെന്ന് ജെ.എൽ.ടി. ഡെവലപ്പറായ ഡി.എം.സി.സി. അധികൃതർ വെളിപ്പെടുത്തി.

പ്രദേശം കൂടുതൽ ഹരിതാഭമാക്കും. ജെ.എൽ.ടി.യിലെ തടാകങ്ങൾ നവീകരിക്കും. ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. സന്ദർശകർക്കായി പുതിയ പാർക്കിങ് സ്ഥലങ്ങൾ കൂട്ടിച്ചേർക്കും. നിലവിൽ ആളുകൾക്ക് മണിക്കൂർ അടിസ്ഥാനത്തിലാണ് പാർക്കിങ് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

ജൂവലറി ആൻഡ് ജെംപ്ലക്സ് കെട്ടിടത്തിന്റെ മുൻഭാഗത്തെ നവീകരണപ്രവർത്തനങ്ങൾ ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. പഴയ ഈന്തപ്പനകൾ മാറ്റി പകരം 60-ലേറെ പുതിയ ഈന്തപ്പനകൾ നട്ടുപിടിപ്പിച്ചു. ഈ വർഷവും ഈന്തപ്പനകൾ മാറ്റിസ്ഥാപിക്കുന്ന ജോലി തുടരും. ഈ പ്രദേശങ്ങളിൽ താമസിക്കുന്നതും ജോലി ചെയ്യുന്നതും സന്ദർശിക്കുന്നതുമായ ഒരുലക്ഷത്തോളം ആളുകൾക്കായി ഒട്ടേറെ പുതിയ കായിക വിനോദകേന്ദ്രങ്ങൾ നിർമിക്കും.

ഡി.എം.സി.സി., ശോഭ റിയാലിറ്റി മെട്രോ സ്റ്റേഷനുകളിൽ ലാൻഡ്‌സ്‌കേപ്പിങ് മെച്ചപ്പെടുത്തലുകൾ, 2000 ലോ എനർജി എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിക്കൽ എന്നിവയുൾപ്പെടെ ഒട്ടേറെ പദ്ധതികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. കൂടാതെ, നാല് കളിസ്ഥലങ്ങൾ നവീകരിച്ചു. ആർ.ടി.എ. സ്റ്റേഷനുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ലഭ്യമാണ്. ഷോപ്പിങ് സൗകര്യവും കൂട്ടിച്ചേർത്തിട്ടുണ്ട്. 2006-ൽ പൂർത്തിയായ ഇവിടെയുള്ള ആദ്യ കെട്ടിടമാണ് സബ ടവർ.

ഈ പ്രദേശത്ത് നിലവിൽ അഞ്ച് ഹോട്ടലുകളും രണ്ട് സർവകലാശാലകൾ, 87 വാണിജ്യ റെസിഡൻഷ്യൽ ടവറുകൾ, പാർക്കുകൾ, റണ്ണിങ് ട്രാക്കുകൾ, 300-ലേറെ റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയുൾപ്പെടെ 600-ഓളം റീട്ടെയിൽ ഔട്ട്‌ലെറ്റുകളുണ്ട്.

ശൈഖ് സായിദ് റോഡിനടുത്തായതുകൊണ്ടും ദുബായ് മറീനയേക്കാൾ വാടക കുറവായതുകൊണ്ടും ജെ.എൽ.ടി. ജനപ്രിയ താമസകേന്ദ്രംകൂടിയാണ്.