ദുബായ് : ക്രീക്കിന് മുകളിലൂടെ നിർമിച്ച ഇൻഫിനിറ്റി പാലം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനംചെയ്തു.

പുതിയ ആഗോള എൻജിനിയറിങ്ങിലെയും കലയിലെയും ആർക്കിടെക്ടിലെയും മാസ്റ്റർപീസാണ് ഇൻഫിനിറ്റി പാലം എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം ദേര ഷിന്ദഗയിലെ പാലം ജനങ്ങൾക്കായി സമർപ്പിച്ചത്. പ്രമുഖർക്കൊപ്പം പാലം നടന്നുകാണുന്ന ഫോട്ടോകളും വീഡിയോകളും അദ്ദേഹം പ്രഖ്യാപനസന്ദേശത്തോടൊപ്പം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. നേരത്തെ ഷിന്ദഗ ബ്രിഡ്ജ് എന്നറിയപ്പെട്ടിരുന്ന പാലത്തിന്റെ നിർമാണം 2018-ലാണ് ആരംഭിച്ചത്. 300 മീറ്റർ നീളവും 22 മീറ്റർ വീതിയുമുള്ള ഇതിലൂടെ ഇരുദിശകളിലേക്കും ആറുവീതം പാതകളുണ്ട്. 24,000 ത്തോളം വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാനാവും.

ബോട്ടുകൾക്ക് അടിയിലൂടെ കടന്നുപോകാൻ നദിയിൽനിന്ന് 15 മീറ്റർ ഉയരത്തിലാണ് പാലം നിർമിച്ചിട്ടുള്ളത്.

24 മണിക്കൂറും വലിയ ബോട്ടുകൾക്ക് പാലത്തിനടിയിലൂടെ കടന്നുപോകാം. ഗണിതത്തിലെ ഇൻഫിനിറ്റിയെ (അനന്തത) സൂചിപ്പിക്കുന്ന കമാനമാണ് പാലത്തിന്റെ ആകർഷണീയത. കമാനത്തിന്റെ മുകൾഭാഗത്തിന് 42 മീറ്റർ ഉയരമുണ്ട്. 500 കോടി ദിർഹത്തിന്റെ ആർ.ടി.എ. പദ്ധതിയുടെ ഭാഗമായുള്ള ഷിന്ദഗ പാലം ശൈഖ് റാഷിദ് സ്ട്രീറ്റ്, അൽ മിന ഡിസ്ട്രിക്ട്, അൽ ഖലീജ് സ്ട്രീറ്റ്, കെയ്‌റോ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്ക് 13 കിലോമീറ്റർ നീളുന്നതാണ്. ശൈഖ് മുഹമ്മദിനൊപ്പം ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും മറ്റ് ഉദ്യോഗസ്ഥരും ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു.