ദുബായ് : കോവിഡ് വ്യാപനത്തെത്തുടർന്നുള്ള സമ്പൂർണ അടച്ചിടൽ യു.എ.ഇ.യിൽ ഉണ്ടാകില്ലെന്ന് വിദേശ വ്യാപാര മന്ത്രി ഡോ.താനി അൽ സെയൂദി പറഞ്ഞു. ഡെൽറ്റയെ അപേക്ഷിച്ച് ഒമിക്രോൺ അപകടകാരിയല്ല. ഡെൽറ്റ റിപ്പോർട്ട് ചെയ്തിരുന്നപ്പോഴും രാജ്യം ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നില്ല. സാമ്പത്തികമേഖലയ്ക്കും ആരോഗ്യമേഖലയ്ക്കും ഇടയിൽ സന്തുലിതാവസ്ഥ നിലനിന്നിരുന്നു.

2020-ന്റെ തുടക്കത്തിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടശേഷം യു.എ.ഇ. ലോക്ഡൗണുകളും യാത്രാനിയന്ത്രണങ്ങളും പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളം കർശനമായ സുരക്ഷയും മുൻകരുതൽ നടപടികളും ഏർപ്പെടുത്തിയിരുന്നു. ലോകത്ത് എല്ലാ സുരക്ഷയോടുംകൂടി കോവിഡ് കാലത്ത് ആദ്യം തുറന്നുപ്രവർത്തിച്ച രാജ്യംകൂടിയാണ് യു.എ.ഇ.

ശുഭപ്രതീക്ഷയോടെയാണ് 2022 തുടങ്ങിയത്. 2021-ൽ രാജ്യം സുവർണജൂബിലി ആഘോഷിച്ചു. ലോകത്തെ എക്സ്‌പോ 2020-യിലേക്ക് സ്വാഗതംചെയ്യുകയും ചെയ്തു. ലോക്ഡൗൺ തുടരാനാവില്ലെന്ന് മികച്ച പ്രവർത്തനങ്ങളിലൂടെ രാജ്യം ലോകത്തെ കാണിച്ചു. എത്രയുംവേഗം ലോകം സന്തുലിതാവസ്ഥ കൈവരിക്കുകയും മികച്ച സമ്പദ്‌വ്യവസ്ഥയിലേക്ക് മടങ്ങിയെത്തുകയും വേണം.

കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ യു.എ.ഇ. 100 ശതമാനം വിദേശ ഉടമസ്ഥാവകാശം പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ലോകവിപണിക്ക് അനുസൃതമായി മാറ്റി. തൊഴിൽനിയമങ്ങൾ നവീകരിച്ചു. ലോകത്തെ മുഴുവൻ യു.എ.ഇ.യിലേക്ക് സ്വാഗതംചെയ്ത് പ്രതിബദ്ധത ഉയർത്തിക്കാണിച്ചു. കോവിഡ് പരിശോധനയും പ്രതിരോധപ്രവർത്തനങ്ങളും ദിവസേന തുടരുകയാണ്. കോവിഡ് മുൻകരുതൽ ഡോസുകൾ സ്വീകരിക്കാൻ ഇപ്പോൾ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഡോ. താനി അൽ സെയൂദി വ്യക്തമാക്കി.

യു.എ.ഇ.യിൽ 2683 പുതിയ രോഗികൾ

ദുബായ് : യു.എ.ഇയിൽ 2,683 പേർക്കുകൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1135 പേരാണ് രോഗമുക്തരായത്. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. പുതുതായി നടത്തിയ 3,07,767 പരിശോധനകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,95,997 പേർക്ക് യു.എ.ഇ.യിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,56,805 പേർ ഇതിനോടകംതന്നെ രോഗമുക്തരായി. 2,182 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിൽ രാജ്യത്ത് 37,010 രോഗികളാണ് ചികിത്സയിലുള്ളത്.