ദുബായ് : ജീവകാരുണ്യപ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ യു.എ.ഇ.യിൽ പുതിയനിയമം പ്രാബല്യത്തിലായി. അനധികൃതമായി ധനസമാഹരണം നടത്തിയാൽ രണ്ടുലക്ഷം ദിർഹം മുതൽ അഞ്ചുലക്ഷം ദിർഹം വരെയായിരിക്കും പിഴ. ധനസമാഹരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങൾ കൂടുതൽ ശക്തമാക്കാനാണ് പുതിയ തീരുമാനം.

സംഘടനകൾ സംഭാവനയായി സ്വീകരിക്കുന്ന തുക അവരുടെ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്താലും പിഴ ബാധകമാണ്. പിഴയ്ക്കുപുറമേ ജയിൽശിക്ഷയും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ നിയമവിരുദ്ധമായുള്ള പൊതുജനങ്ങളുടെ സൗജന്യ ഭക്ഷണ കൈമാറ്റവും പാടില്ല. ദേശീയ സുരക്ഷയ്ക്കോ പൊതുധാർമികതയ്ക്കോ ഹാനികരമാകുന്നവിധത്തിൽ ധനസമാഹരണം നടത്തുന്ന എല്ലാവർക്കും സമാനമായ പിഴയും ശിക്ഷയും ബാധകമാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സമാഹരിച്ച സംഭാവനകൾ കണ്ടുകെട്ടാൻ കോടതി ഉത്തരവിടുമെന്ന് കമ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രി ഹെസ്സ ബിന്ത് ഈസ ബുഹുമൈദ് വ്യക്തമാക്കി.

2021-ലെ ഫെഡറൽ റെഗുലേറ്ററി നിയമം നമ്പർ മൂന്നുപ്രകാരം സ്വീകരിക്കുന്ന സംഭാവനകൾ അർഹരായവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കും. സംഭാവന നൽകുന്ന സ്ഥാപനങ്ങളുടെ ലൈസൻസും മറ്റു വിശദാംശങ്ങളും പരിശോധിക്കാനും അധികൃതർ താമസക്കാരോട് അഭ്യർഥിച്ചു. പൊതുജനങ്ങളുടെ സഹായാഭ്യർഥനകൾ അംഗീകൃത പട്ടികയിലുള്ള സ്ഥാപനങ്ങൾക്ക് കൈമാറണം. ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർ ലൈസൻസുള്ള സ്ഥാപനങ്ങളുമായിവേണം സഹകരിക്കാൻ.

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെ ഏതെങ്കിലുംതരത്തിലുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ അനധികൃതമായി ഇനിമുതൽ നടത്താനാവില്ലെന്ന് മന്ത്രാലയത്തിലെ സോഷ്യൽ ഡെവലപ്‌മെന്റ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഹെസ തഹ്‌ലക് പറഞ്ഞു. എന്നാൽ, ഒരു വ്യക്തിക്ക് വിശ്വസ്തരിൽനിന്ന് പണമോ വസ്തുക്കളോ സ്വകാര്യമായി ശേഖരിച്ച് അറിയാവുന്ന മറ്റൊരു വ്യക്തിക്ക് നൽകുന്നതിൽ തെറ്റില്ല.

ജീവകാരുണ്യസംഘടനകൾ, പ്രാദേശിക ഭരണകൂടങ്ങൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ എന്നിവയ്ക്ക് കമ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതിനുശേഷം മാത്രമേ ഫണ്ട് ശേഖരിക്കാൻ കഴിയൂ. സംഭാവന സ്വരൂപിക്കാൻ ലൈസൻസുള്ള സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. അധികാരികളുടെ അനുമതിയില്ലാതെ ധനസമാഹരണത്തിനുള്ള വാർത്തകളോ പരസ്യങ്ങളോ പ്രസിദ്ധീകരിക്കാനോ അത്തരം വാർത്തകൾ പ്രോത്സാഹിപ്പിക്കാനോ ലൈസൻസുള്ള സ്ഥാപനങ്ങൾക്കും അനുവാദമില്ല. പ്രായമായവർ ഉൾപ്പെടെ അനധികൃത സംഭാവനകളുടെ പേരിൽ തട്ടിപ്പിനിരയാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അധികൃതർ നിയമം കർശനമാക്കിയത്.