അബുദാബി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അബുദാബി വിദ്യാലയങ്ങളിൽ ഇ-ലേണിങ് ഒരാഴ്ചകൂടി നീട്ടിയതായി അബുദാബി അത്യാഹിത, ദുരന്തനിവാരണ വകുപ്പ് വ്യക്തമാക്കി. കുട്ടികൾക്ക് ഏറ്റവും സുരക്ഷിതമായ പഠനാന്തരീക്ഷം സ്കൂളുകളിൽ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്.

സ്വകാര്യ-പൊതു സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലും ഇതേ രീതിതന്നെയാണ് പിന്തുടരുക. അബുദാബിയിലെ രക്ഷിതാക്കളിൽനിന്ന് ഈ വിഷയത്തിൽ വിദ്യാഭ്യാസവകുപ്പ് അഭിപ്രായം ആരാഞ്ഞിരുന്നു. ഭൂരിഭാഗം രക്ഷിതാക്കളും ഇ-ലേണിങ് തുടരുന്നതിനെ അനുകൂലിച്ചു.

21 മുതൽ വിദ്യാഭ്യാസകേന്ദ്രങ്ങളിൽ നേരിട്ടെത്തിയുള്ള പഠനരീതികൾക്ക് തുടക്കമാകുമെന്ന് ആരോഗ്യവകുപ്പ് വക്താവ് ഹസ്സ അൽ മൻസൂരി പറഞ്ഞു. എല്ലാവരും കോവിഡ് മുൻകരുതൽ ഡോസുകൾ എത്രയുംവേഗം സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് വക്താവ് നൗറ അൽ ഗൈറ്റി അറിയിച്ചു. ലഭ്യമായ ഏറ്റവുമടുത്ത സമയത്തുതന്നെ വാക്സിൻ സ്വീകരിക്കണം. കോവിഡ് വ്യാപനത്തിന്റെ വർധന തടയുന്ന പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.