അബുദാബി : ആരോഗ്യകരമായ ജീവിതരീതി പിന്തുടരുന്നതിനായി ജനങ്ങളെ പ്രചോദിപ്പിക്കുന്ന സൗജന്യ കായികപരിശീലന പദ്ധതി അബുദാബിയിൽ സജീവമാകുന്നു. വിവിധ പാർക്കുകൾ കേന്ദ്രീകരിച്ചാണ് ‘ആക്റ്റീവ് പാർക്ക്’ പദ്ധതി നടപ്പാക്കുന്നത്.

അബുദാബി, അൽ ഐൻ, അൽ ദഫ്റ എന്നിവിടങ്ങളിലുള്ളവർക്ക് പാർക്കുകളിൽ അംഗീകൃത പരിശീലകരുടെ മേൽനോട്ടത്തിൽ നടക്കുന്ന കായികപരിപാടികളുടെ ഭാഗമാകാം. സാമൂഹിക വികസനവകുപ്പും അബുദാബി സ്പോർട്‌സ് കൗൺസിലും സംയുക്തമായാണ് 13 പാർക്കുകളിൽ പദ്ധതി നടപ്പാക്കുന്നത്. 360 ഘട്ടങ്ങളായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

വിവിധ നാടുകളിൽനിന്നുള്ള വ്യത്യസ്ത പ്രായക്കാരായവർക്ക് പരിശീലനത്തിന്റെ ഭാഗമാകാം. ജനങ്ങളിൽ സജീവ കായികപരിശീലന സംസ്കാരം വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്. വിവിധ നാടുകളിൽ നിന്നുള്ളവർക്കൊപ്പം കോവിഡ് വ്യവസ്ഥകൾ പാലിച്ചുകൊണ്ടും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടും നടക്കുന്ന പരിപാടിയിൽ പലതരത്തിലുള്ള വ്യായാമ മുറകൾ പരിശീലിപ്പിക്കുന്നുണ്ട്.

12 വയസ്സിനുമുകളിലുള്ളവർ വ്യായാമത്തിനായി പാർക്കുകളിലെത്തുന്നുണ്ട്. ഡിസംബർ 30-ന് ആരംഭിച്ച പദ്ധതിക്ക് വൻ പങ്കാളിത്തമാണ് ഇപ്പോഴുള്ളത്. ബൂട്ട്ക്യാമ്പ്, ക്രോസ്ഫിറ്റ്, യോഗ എന്നിവ ഇവിടെ പരിശീലിപ്പിക്കപ്പെടുന്നുണ്ട്. ഇതോടൊപ്പംതന്നെ റൺഫിറ്റ്, ഡാൻസ്ഫിറ്റ് പദ്ധതികളും സജീവമാണ്. ജീവിതശൈലീരോഗങ്ങളെ അകറ്റി മാനസികവും ശാരീരികവുമായ ഉണർവ്‌ പകരാൻ ഇതിലൂടെ കഴിയുമെന്ന് സാമൂഹിക വികസനവകുപ്പ് സ്ട്രാറ്റജിക് അഫയർ എക്‌സിക്യുട്ടീവ് ഡയറക്ടർ മൊഹമ്മദ് ഹിലാൽ അൽ ബലൂഷി അറിയിച്ചു. ആരോഗ്യവും കായികക്ഷമതയുമുള്ള ജനങ്ങളെ വാർത്തെടുക്കാൻ പദ്ധതി ഗുണം ചെയ്യും. ഇതിനായി ഏറ്റവും മികച്ച അടിസ്ഥാനസൗകര്യമുള്ള പാർക്കുകളാണ് അബുദാബിയിലുടനീളം ഉള്ളത്.

26-വരെ നടക്കുന്ന പദ്ധതിക്ക് സാമൂഹികമാധ്യമങ്ങളിലും വൻ പ്രചാരമാണുള്ളത്. അൽ ദഫ്റയിൽ മദിനത് സായിദ്, അൽ മർഫ നാഷണൽ പാർക്ക്, അൽ ഐനിൽ അൽ ജാഹിലി, അൽ വാദി, അൽ തൊവയ്യ പാർക്കുകൾ, അബുദാബിയിൽ ഖലീഫ സിറ്റി പാർക്ക് ത്രീ, ശൈഖ ഫാത്തിമ പാർക്ക്, ഡോൾഫിൻ പാർക്ക്, എം.ബി.ഇസെഡ്. പാർക്ക്, ഖലീജ് അൽ അറബി പാർക്ക്, ഇലക്്ട്ര പാർക്ക്, അൽ സംഹ പാർക്ക് ഫോർ, അബുദാബി സിറ്റി അനുബന്ധ പാർക്കുകൾ എന്നിവിടങ്ങളിലാണ് സൗജന്യ പരിശീലന പദ്ധതികൾ നടക്കുന്നത്.