ദുബായ് : യു.എ.ഇ.യിലെ ആരോഗ്യകേന്ദ്രങ്ങളിൽ സൗജന്യ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാൻ തിരക്കേറി. തിരക്കൊഴിവാക്കാനായി അധികൃതർക്ക് മുൻകൂർ ബുക്കിങ്ങും ഏർപ്പെടുത്തേണ്ടിവന്നു.
വാക്സിനേഷൻ കാമ്പയിൻ ആരംഭിക്കുമ്പോൾ ആർക്കും എപ്പോൾ വേണമെങ്കിലും ആരോഗ്യകേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാം എന്നായിരുന്നു. എന്നാൽ ഇപ്പോൾ ദിവസം ഒരുകേന്ദ്രത്തിൽ എത്തുന്നത് 3000 വരെ ആളുകളാണെന്നാണ് വിവരം. പലപ്പോഴും ക്യൂനിന്ന് മണിക്കൂറുകളെടുത്താണ് ആളുകൾ വാക്സിൻ സ്വീകരിക്കുന്നത്.
പൊതുജനങ്ങളുടെ സൗകര്യാർഥം അധികൃതർ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ഏപ്രിലിന് മുൻപേ 50 ശതമാനം പേർക്കും വാക്സിൻ ലഭ്യമാക്കാനുള്ള ഊർജിതശ്രമമാണ് അധികൃതർ നടത്തുന്നത്.
യു.എ.ഇ. വാക്സിനേഷൻ ആരംഭിച്ച് ഒരാഴ്ചപിന്നിടുമ്പോൾ പ്രതിദിന കുത്തിവെപ്പിന്റെ എണ്ണത്തിൽ കാര്യമായ വർധനയാണ് ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്യുന്നത്. പൊതുജനങ്ങൾക്ക് ലഭ്യമാക്കിഡവരുന്ന ഡോസുകളുടെ എണ്ണം ദിനം പ്രതി ഇരട്ടിയാക്കികൊണ്ടാണ് വകുപ്പിന്റെ പ്രവർത്തനം.
ഓരോദിവസവും കൂടുതൽ കുത്തിവെപ്പ് കേന്ദ്രങ്ങളാണ് തുറക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചമാത്രം 53,859 പേരാണ് വാക്സിനെടുത്തത്. ബുധനാഴ്ചയായപ്പോഴേക്കും ആളുകളുടെ എണ്ണം 1,18,928 ആയി ഉയർന്നു. 13 ലക്ഷത്തിലധികം പേർക്ക് ഈ സമയത്തിനുള്ളിൽ കുത്തിവെപ്പെടുത്തു. ഇതേരീതിയിൽ പ്രവർത്തനങ്ങൾ തുടർന്നാൽ തീരുമാനിച്ചതിലും നേരത്തെ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജി 42 ഹെൽത്ത് കെയർ വാക്സിൻ പ്രോജക്റ്റ് ലീഡർ ഡോ. വാലിദ് സഹർ പറഞ്ഞു.
കൂടുതൽപ്പേർ വാക്സിനെടുക്കാൻ സന്നദ്ധരാവുമ്പോൾ മാറിനിൽക്കുന്നവരും മുന്നോട്ടുവരും. 150-ലേറെ വാക്സിൻ കേന്ദ്രങ്ങളിലാണ് ഇപ്പോൾ രാജ്യത്ത് പ്രവർത്തിക്കുന്നത്.
എല്ലാവരും വാക്സിനെടുക്കാൻ മുന്നോട്ടുവരണമെന്നും ഡോക്ടർ പറഞ്ഞു.
കോവിഡ് വാക്സിനെടുക്കാൻ മുഴുവൻ ആളുകളും തയാറാവണമെന്ന് യു.എ.ഇ. ഭരണാധികാരികൾ കഴിഞ്ഞ ദിവസം ആഹ്വാനംചെയ്തിരുന്നു.
എത്രയും പെട്ടന്ന് വാക്സിനെടുക്കുന്നതിലൂടെ നമ്മുടെ ആരോഗ്യത്തെയും സമ്പദ്ഘടനയെയും നേട്ടങ്ങളെയുമെല്ലാം സംരക്ഷിക്കാൻ കഴിയുമെന്നും യു.എ. ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തിരുന്നു. അതിനിടെ പ്രായമായവർക്ക് വീട്ടിലെത്തി കോവിഡ് വാക്സിൻ നൽകാനുള്ള സൗകര്യമേർപ്പെടുത്തിയതായി യു.എ.ഇ ആരോഗ്യമേഖല വക്താവ് ഡോ. ഫരീദ അൽ ഹോസ്‌നി വ്യക്തമാക്കി.
പോലീസ് ഉദ്യോഗസ്ഥർ വാക്സിൻ സ്വീകരിച്ചു
ഷാർജ പോലീസ് ഉദ്യോഗസ്ഥർ കോവിഡ് വാക്സിൻ സ്വീകരിച്ചു.
ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ (മൊഹാപ്പ്) സഹകരണത്തോടെ പോലീസ് ആസ്ഥാനം ആരംഭിച്ച വാക്സിൻ പ്രചാരണത്തിന്റെ ഭാഗമായാണ് ഷാർജ പോലീസ് വാക്സിൻ സ്വീകരിച്ചത്.
പോലീസ് സയൻസ് അക്കാദമിയിലാണ് വാക്സിനേഷൻ ഡ്രൈവ് നടന്നത്. ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വാക്സിൻ സ്വീകരിച്ചു.
പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ. കുത്തിവെപ്പെടുത്തത് 13 ലക്ഷത്തിലേറെ പേർ