ദുബായ് : ഗൾഫ് നാടുകളിൽ ആയുർവേദത്തിന് സ്വീകാര്യത വർധിക്കുന്നു. വരുംവർഷങ്ങളിൽ കേരളത്തിലേതുപോലെതന്നെ ആയുർവേദ ജീവിതരീതി പിന്തുടരുന്നവരുടെ എണ്ണം വർധിക്കുമെന്നാണ് വിലയിരുത്തൽ.
ഗൾഫിൽ ആയുർവേദ ചികിത്സയ്ക്ക് സാധ്യതകളേറെയുണ്ടെന്നും കോട്ടയ്ക്കൽ ഗ്രീൻ ലൈഫ് ആയുർവേദിക് സെന്റർ പ്രതിനിധികൾ പറഞ്ഞു. ജീവിതശൈലീരോഗങ്ങൾക്ക് ഗൾഫ് സ്വദേശികളും ആയുർവേദ ചികിത്സ തേടുന്നുണ്ട്. ആയുഷ് മന്ത്രാലയം ഉൾപ്പെടെയുള്ള ആയുർവേദരംഗത്തെ പ്രമുഖകേന്ദ്രങ്ങൾക്കെല്ലാം ഈ രംഗത്തെ വളർച്ചയ്ക്ക് പിന്തുണ നൽകാനാവും.
ഇന്ന് ജീവിതശൈലീ രോഗങ്ങൾക്ക് മാത്രമല്ല, കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും ആയുർവേദത്തിൽ പ്രത്യേക ചികിത്സയുണ്ട്. ആയുർവേദ ചികിത്സയും മരുന്നുകളും ഉറപ്പ് നൽകുന്ന കോട്ടയ്ക്കൽ ഗ്രീൻലൈഫിന്റെ പുതിയ സംരംഭം ദുബായ് ഖിസൈസ് അൽനഹ്ദ മെട്രോ സമീപം അബ്ദുല്ല മാജിദ് റാഷിദ് അൽ അലി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും.
കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മരുന്നുകളാണ് ഇവിടെ ലഭിക്കുകയെന്ന് ഡോ. അൻവർ ഷാ, ഡോ. അപർണ നിഖിൽ, ഡോ. ജിൻസ ആകാശ് എന്നിവർ പറഞ്ഞു.
ആയുർവേദ ചികിത്സയ്ക്ക് ഇൻഷുറൻസ് റി ഇംപേഴ്‌സ്‌മെന്റും ലഭ്യമാക്കും. ചെയർമാൻ സോമരാജൻ എ.ആർ, മാനേജിങ് പാർട്ണർമാരായ നിസാമുദ്ദീൻ, വിനോദ് വർഗീസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.