ഷാർജ : പ്രവാസി മലയാളികളുടെ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നോർക്ക-റൂട്ട്‌സ് ഏർപ്പെടുത്തിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാൻ തിരക്കേറി. പ്രവാസി രക്ഷാ ഇൻഷുറൻസ് പദ്ധതി എന്ന പേരിലറിയപ്പെടുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയിൽ 18-നും 60-നുമിടയിൽ പ്രായമുള്ള പ്രവാസി മലയാളികൾക്ക് അംഗത്വമെടുക്കാം. അവരോടൊപ്പം വിദേശങ്ങളിൽ കഴിയുന്നവർക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാം.
വിജ്ഞാപനം വന്ന് ദിവസങ്ങൾക്കുള്ളിൽതന്നെ ആയിരക്കണക്കിന് പ്രവാസികളാണ് ഓൺലൈൻ വഴി ഇൻഷുറൻസ് പരിരക്ഷ തേടുന്നത്.
ഇൻഷുറൻസ് പദ്ധതി ഉപയോഗപ്പെടുത്തുന്നവർ ഒരു വർഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. പദ്ധതിയിൽ ചേരുന്നവർക്ക് രോഗം ബാധിച്ചാൽ ഒരു ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് നോർക്ക- റൂട്ട്‌സ് പദ്ധതി നടപ്പാക്കുന്നത്. നോർക്ക റൂട്ട്‌സിന്റെ www.norkaroots.org എന്ന വെബ്‌സൈറ്റിലെ സർവീസ് വിഭാഗത്തിലുള്ള പ്രവാസി ഐ.ഡി. കാർഡ് ഓപ്ഷൻ വഴി ഇൻഷുറൻസ് പരിരക്ഷയിൽ അംഗത്വമെടുക്കാം. പ്രീമിയം തുക ഓൺലൈനായി അടയ്ക്കാവുന്നതാണ്. വിവരങ്ങൾ ലഭിക്കാൻ norka.raksha@gmail.com, 914172770543, 914712770528 എന്നിവയിൽ ബന്ധപ്പെടാം. വിദേശത്തുനിന്ന് 18004253939, 918802012345 എന്നീ ടോൾഫ്രീ നമ്പറുകളിൽ മിസ്ഡ് കോൾ സൗകര്യവുമുണ്ട്.