അബുദാബി : അങ്കമാലി എൻ.ആർ.ഐ. അസോസിയേഷന്റെ (ആന്റിയ അബുദാബി) തണലിൽ മഞ്ഞപ്ര തവളപ്പാറ സ്റ്റാനിഭവൻ വയോജനകേന്ദ്രത്തിലെ അന്തേവാസികൾ യാത്രചെയ്യും. ഈവർഷത്തെ ക്രിസ്മസ്-പുതുവത്സരാഘോഷം മാറ്റിവെച്ചാണ് ആന്റിയ അബുദാബി യാത്രാസൗകര്യത്തിനായി വാഹനം സമ്മാനിച്ചത്.
അങ്കമാലിക്കടുത്തുള്ള മഞ്ഞപ്ര ഗ്രാമപ്പഞ്ചായത്തിലെ തവളപ്പാറയിൽ പ്രവർത്തിക്കുന്ന സ്റ്റാനിഭവനിൽ കഴിയുന്ന വയോധികരായ അന്തേവാസികളുടെ ആശുപത്രിയാത്രകൾക്കുവേണ്ടിയാണ് വാഹനം നൽകിയത്.
ആന്റിയയുടെ ‘പ്രതീക്ഷ സീസൺ-4’ എന്ന കാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായാണ് വാഹനം സമ്മാനിച്ചത്. സ്റ്റാനി ഭവനിൽ നടന്ന ചടങ്ങിൽ അങ്കമാലി എം.എൽ.എ. റോജി ജോൺ മദർ സുപ്പീരിയർ സിസ്റ്റർ ലൂമിനയ്ക്ക് വാഹനത്തിന്റെ താക്കോൽ കൈമാറി. ആന്റിയ അബുദാബി ചാരിറ്റി സെൽ കൺവീനർ ലതീഷ് ചുള്ളി അധ്യക്ഷനായി.