:ദുബായിൽ റംസാൻ മാസത്തിൽ ഇശാ പ്രാർഥനയ്ക്കായി ബാങ്ക് വിളിച്ചാൽ അഞ്ച് മിനിറ്റിനകം ജമാഅത്ത് നമസ്കാരം ആരംഭിക്കണമെന്ന് മതകാര്യ വകുപ്പ് നിർദേശിച്ചു. ഇശായും തറാവീഹും അടക്കം അരമണിക്കൂറിൽ നമസ്കാരം പൂർത്തിയാക്കി പള്ളികൾ അടയ്ക്കണം. കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വകുപ്പ് നിർദേശം പുറപ്പെടുവിച്ചത്. നമസ്കാരത്തിന് എത്തുന്നവർ എല്ലാവരും മുഖാവരണം ധരിക്കണം, ശാരീരിക അകലം പാലിച്ചുവേണം നിരകൾ സജ്ജീകരിക്കാൻ. സ്വന്തമായി മുസല്ല (പ്രാർഥനാ പായ) കൊണ്ടുവരണം. ഹസ്തദാനം, ആശ്ലേഷണം, കൂടിച്ചേരലുകൾ എന്നിവ ഒഴിവാക്കണം. ബാങ്ക് വിളിക്കുന്നത് മുതൽ നമസ്കാരം അവസാനിക്കുന്നതുവരെ പള്ളിയുടെ വാതിലുകൾ തുറന്നിരിക്കും. നമസ്കാരം കഴിഞ്ഞ് ആളുകൾ ഇറങ്ങിയാലുടൻ വാതിൽ അടയ്ക്കും. ഒരു നമസ്കാരം അവസാനിച്ചശേഷം രണ്ടാമത് ജമാഅത്ത് നമസ്കാരം അനുവദിക്കില്ല. ഒറ്റയ്ക്ക് പള്ളിയിലെത്തിയുള്ള നമസ്കാരത്തിനും അനുമതിയില്ല. ഭക്ഷണമോ മുഖാവരണമോ വിതരണം ചെയ്യരുത്. ആളുകൾ തിരക്കുകൂട്ടരുത്. റംസാന്റെ അവസാന പത്തിലെ ഖിയാമുലൈലയെക്കുറിച്ച് സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനമെടുക്കുമെന്നും വകുപ്പ് അറിയിച്ചു. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി റംസാൻ മാസത്തിൽ എല്ലാദിവസവും ഇടയ്ക്കിടെ അണുനശീകരണം നടത്തുമെന്ന് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വിഭാഗം ഡയറക്ടർ ജനറൽ ഡോ.ഹമദ് അൽ ശൈഖ് അഹമ്മദ് അൽ ഷൈബാനി പറഞ്ഞു.