:വർഷങ്ങൾക്കുമുമ്പ് നാടുവിട്ട് ആദ്യമായി അബുദാബിയിലെത്തുന്നത് ഒരു മാർച്ച് മാസത്തിലാണ്. വീടുംനാടും വിട്ടതിന് ശേഷമുള്ള ആദ്യത്തെ ഉത്സവമായിരുന്നു വിഷു. ഇവിടത്തെ ആഘോഷങ്ങളും രീതികളുമൊന്നും പരിചയമില്ലാത്തതുകൊണ്ട് എങ്ങനെ വിഷു ആഘോഷിക്കും എന്നതായിരുന്നു ഏപ്രിൽ തുടങ്ങിയപ്പോൾ മുതലുള്ള ചിന്ത. വന്നിട്ട് കുറച്ചു ദിവസമായിട്ടേയുള്ളു എന്നതിനാൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ സുഹൃത്തുക്കളുമില്ല. കൊന്നപ്പൂവൊഴികെ ബാക്കിയെല്ലാം സംഘടിപ്പിക്കാമെന്നു ഭർത്താവ് ഉറപ്പുംതന്നു.

ഗൃഹാതുരത്വം പിടിച്ചു വിഷുവിന്റെ രണ്ടുദിവസംമുമ്പേ ഓർമകൾ നാട്ടിലും വീട്ടിലുമെത്തി. വിഷുവിന്റെ തലേന്നത്തെ ഓട്ടപ്പാച്ചിൽ... കണിവെള്ളരി, മാങ്ങ, ചക്ക, കോവയ്ക്ക, അടയ്ക്ക, പാവയ്ക്ക, പയർ, തേങ്ങ തുടങ്ങി സകല പച്ചക്കറികൾക്കുമായി ഓട്ടമാണ്. കൊന്നപ്പൂവ് മുതൽ കണിയൊരുക്കേണ്ട സാധനങ്ങളെല്ലാം അടുത്തവീടുകളിലും പറമ്പിലുമെല്ലാം പോയി കൊണ്ടുവരും. തലേന്നത്തെ ഉണ്ണിയപ്പം ചുടുന്ന മണവും പടക്കം പൊട്ടിക്കലുമൊക്കെയായി ഓർമകൾ മനസ്സിൽ അലയടിച്ചു.

ഭർത്താവ് ജോലി കഴിഞ്ഞെത്തിയ ശേഷം നേരെ സൂപ്പർമാർക്കറ്റിലേക്ക് വച്ചുപിടിച്ചു. അവിടെയെത്തിയപ്പോഴേക്കും കൊന്നപ്പൂവൊക്കെ തീർന്നിരുന്നു. അവസാനം കൊന്നപ്പൂവൊഴികെ ബാക്കി വേണ്ടതെല്ലാം വാങ്ങിവന്നു. ഭർത്താവ് തന്നെ കണിയൊരുക്കി. അതൊരു പുതിയ അനുഭവമായിരുന്നു.

അങ്ങനെ പ്രവാസത്തിലെ ആദ്യവിഷു മനോഹരമായ ഒന്നായി. പിന്നീടുള്ള നാളുകളിൽ കൂടുതൽ സൗഹൃദങ്ങൾ ആഘോഷങ്ങൾക്ക് പുതിയ നിറം പകർന്നു. സംഘടനകളുടെ വിഷു പരിപാടികളിൽ സജീവമായതോടെയാണ് നാട്ടിലേതിന് സമാനമായ ആഘോഷങ്ങൾക്ക് അവസരമൊരുങ്ങുന്നത്. അബുദാബി കേരളാ സോഷ്യൽ സെന്ററിലെ വലിയ സ്റ്റേജിലൊരുക്കിയ വിഷുക്കണി പ്രവാസത്തിന്റെ വിരസത പൂർണമായും അകറ്റുന്നതായി. നിലവിളക്കും കൈനീട്ടവും വിഷുപ്പാട്ടും വിഷുക്കളികളുമൊക്കെയായി കുട്ടികൾ മുതൽ മുതിർന്നവർ വരെ ആഘോഷത്തിമിർപ്പിൽ രസിച്ച നാളുകളായിരുന്നു പിന്നീടിതുവരെ. പ്രവാസലോകത്തെ മലയാളി സംഘടനകളിലെ അഘോഷങ്ങളും കൂടിച്ചേരലുകളുമൊക്കെയാണ് നാടുവിട്ടു ജീവിക്കുന്ന നമ്മളെപ്പോലുള്ളവർക്ക് ഏറ്റവും വലിയ സന്തോഷങ്ങളെന്ന് തിരിച്ചറിഞ്ഞ ഒരുപാട് മുഹൂർത്തങ്ങൾ കടന്നുപോയി. ഓർമകൾക്ക് എപ്പോഴും കണിക്കൊന്നയുടെ തെളിച്ചമാണ്.