ഉമ്മുൽഖുവൈൻ : ഇന്ത്യയുടെ 75 - മത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷനിൽ ‘സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം’ സംഘടിപ്പിച്ചു. ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി മുഖ്യാതിഥിയായിരുന്നു. തൊഴിലാളികളെയും പങ്കെടുപ്പിച്ചുകൊണ്ട് വേറിട്ടരീതിയിലായിരുന്നു സ്വാതന്ത്ര്യദിനാഘോഷം.

‘ബ്രെക്ക്ഫാസ്റ്റ് വിത്ത് സി.ജി.’ എന്ന ചടങ്ങിൽ കോൺസൽ ജനറൽ തൊഴിലാളികളോടൊപ്പം ആഹാരം കഴിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. ആഘോഷത്തിന്റെ ഓർമയ്ക്കായി ഇന്ത്യൻ അസോസിയേഷൻ അങ്കണത്തിൽ ഡോ. അമൻപുരി വൃക്ഷതൈ നടുകയും ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം കോൺസൽ ജനറൽ നിർവഹിച്ചു.

അസോസിയേഷൻ പ്രസിഡന്റ് സജാദ് നാട്ടിക അധ്യക്ഷനായി. കോൺസൽ താടു മാമു പങ്കെടുത്തു. കോവിഡ് കാലത്ത് ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ കോൺസൽ ജനറൽ അഭിനന്ദിച്ചു. ചടങ്ങിൽ സനൽ തിരുവട്ടൂരിനെ ആദരിച്ചു. മൊഹിദീൻ നന്ദിപറഞ്ഞു. ആരോഗ്യ പരിശോധനയും സമ്മാനവിതരണവും ഉണ്ടായിരുന്നു.