ദുബായ് : വാഹനത്തിൽ ഇന്ധനംതീർന്ന് വഴിയിൽ കുടുങ്ങിയ യാത്രികർക്ക് കരുതലേകി പിസ്സ ഡെലിവറി ബോയ്. കുടുംബമായി യാത്രചെയ്യുന്ന സംഘം ജെബെൽ അലിയിലാണ് കുടുങ്ങിയത്. ‘മുഹമ്മദ് അഹമ്മദ് അലി താരിഖ് എന്ന ഞങ്ങളുടെ ഹീറോയെ പരിചയപ്പെടുത്തുന്നു’വെന്ന് പറഞ്ഞുകൊണ്ട് പിസ്സഹട്ടാണ് ഇക്കാര്യം അറിയിച്ചത്.

'യു.എ.ഇ. ഫാമിലി എക്സ്പ്ലൊറേഴ്സ്' എന്നപേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിക്കുന്ന ബ്ലോഗർ അംന ഇർഫാന്റെ പേജിലാണ് ഡെലിവറി ബോയ് നൽകിയ സഹായങ്ങളെക്കുറിച്ച് ആദ്യം വിശദമാക്കുന്നത്. പെട്രോൾ തീർന്ന് വാഹനം നിന്നപ്പോൾ അതുവഴി വന്ന ഡെലിവറി ബോയ് സമീപിക്കുകയായിരുന്നു. കാര്യങ്ങൾ അന്വേഷിക്കുകയും പെട്രോൾ വാങ്ങിനൽകുകയുമായിരുന്നു. പെട്രോളിന്റെ വിലയിൽ കൂടുതലൊന്നും അദ്ദേഹം വാങ്ങാൻ തയ്യാറായുമില്ല. ‘മൂന്ന് കുട്ടികളുമായി യാത്ര ചെയ്യുന്ന ഞങ്ങൾക്ക് ഏറെ സന്തോഷവും സംതൃപ്തിയും നൽകിയ നിമിഷങ്ങളായിരുന്നു അപരിചിതനായ ഒരു ഡെലിവറി ബോയ് നടത്തിയ ഇടപെടൽ’- അംന കുറിച്ചു. ഈ പ്രവൃത്തിക്ക് അഭിനന്ദനങ്ങൾ നൽകുകയാണ് ആളുകൾ.