ദുബായ് : ഇ-101 ദുബായ്-അബുദാബി ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിക്കുന്നതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർ.ടി.എ.) അറിയിച്ചു. അബുദാബി ഗതാഗത വകുപ്പുമായി ചേർന്നാണ് തീരുമാനം. ദുബായ് ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽനിന്ന് അബുദാബി സെൻട്രൽ ബസ് സ്റ്റേഷനിലേക്കാണ് സർവീസുകൾ നടത്തുകയെന്ന് ആർ.ടിഎ. പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി പ്ലാനിങ്, ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ ആദിൽ ഷാക്‌റി പറഞ്ഞു.

രണ്ട് എമിറേറ്റുകളിലെയും ജനങ്ങളുടെ പ്രധാന യാത്രാസംവിധാനമായിരുന്നു അബുദാബിയിൽനിന്ന് ഇബ്ൻ ബത്തൂത്ത വരെയുള്ള സർവീസ്. എല്ലാ സുരക്ഷാ സംവിധാനങ്ങളോടുംകൂടിയ ബസുകളാണ് സർവീസ് നടത്തുക. യാത്രികർ എല്ലാ കോവിഡ് വ്യവസ്ഥകളും പാലിക്കണം. 48 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് പി.സി.ആർ. നെഗറ്റീവ് ഫലമുള്ളവർക്ക് മാത്രമാണ് അബുദാബിയിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളത്. അബുദാബിയിലേക്ക് യാത്രചെയ്യുന്നവർക്ക് തുടർച്ചയായ രണ്ടുതവണ ഡി.പി.ഐ. നെഗറ്റീവ് ഫലം ഉപയോഗിക്കാനാവില്ല.