അബുദാബി : കർശന സുരക്ഷാ വ്യവസ്ഥകളുടെ ഫലമായി അബുദാബിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. പ്രതിദിന പരിശോധനയിൽ 0.2 ശതമാനം പേർക്ക് മാത്രമാണ് നിലവിൽ പോസിറ്റീവ് ഫലം ലഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ദേശീയ അത്യാഹിത ദുരന്തനിവാരണ വകുപ്പാണ് പുതിയ കോവിഡ് ബാധിതരുടെ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. പൊതുയിടങ്ങളിൽ പ്രവേശിക്കുന്നതിന് കോവിഡ് ബാധിതരല്ലെന്ന് വ്യക്തമാക്കുന്ന ഗ്രീൻപാസ് സംവിധാനം നിർബന്ധമാക്കിയതാണ് കോവിഡ് വ്യവസ്ഥകളിൽ അബുദാബി ഏറ്റവുമൊടുവിൽ ഉൾപ്പെടുത്തിയ തീരുമാനം. ഇത് കോവിഡ് വ്യാപനം തടയുന്നതിനും സാമൂഹിക സുരക്ഷയുറപ്പാക്കുന്നതിനും നിർണായകമായ നീക്കമായി. സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും വാക്‌സിൻ ലഭ്യതയുറപ്പാക്കുന്നതിന് സമഗ്രമായ വാക്സിൻ യജ്ഞമാണ് അബുദാബി ആരോഗ്യവകുപ്പ് നടപ്പാക്കുന്നത്. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങിയെല്ലാ മേഖലകളിലും വാക്സിൻ ബൂസ്റ്റർ ലഭ്യമാക്കിവരുകയാണ്.

മഹാമാരിയെ പൂർണമായും തുടച്ചുനീക്കുന്നതിന് സമഗ്ര പരിശോധനാ സംവിധാനമാണ് നടപ്പാക്കിവരുന്നതെന്ന് അബുദാബി ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. രോഗവ്യാപനം തടയുന്നതിന് സർക്കാർ നടത്തിവരുന്ന സുരക്ഷാ ശ്രമങ്ങളോട് പൊതുസമൂഹം നൽകിവരുന്ന സഹകരണവും അഭിനന്ദനീയമാണ്. സ്കൂൾ തുറന്നുപ്രവർത്തനം ആരംഭിച്ചതുമുതൽ സൗജന്യ പി.സി.ആർ. പരിശോധനയാണ് വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നത്. പരിശോധനാ നിരക്ക് 50 ദിർഹമാക്കി ചുരുക്കിയാണ് സാധാരണക്കാർക്കും സൗകര്യമുറപ്പിക്കുന്നത്. നിലവിൽ മൂന്നുലക്ഷം പ്രതിദിന പരിശോധനയാണ് യു.എ.ഇയിൽ നടക്കുന്നത്. രോഗബാധിതരുടെ എണ്ണം 1000-ൽ താഴെ മാത്രമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

തിങ്കളാഴ്ച യു.എ.ഇ.യിൽ 632 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 314,018 പി.സി.ആർ. പരിശോധനയാണ് നടന്നത്. ഫെബ്രുവരിയിൽ 4000 വരെയായിരുന്നു പ്രതിദിന രോഗബാധാനിരക്ക്. ശാസ്ത്രീയമായ ശ്രമങ്ങളിലൂടെ ഇത് കുറച്ചുകൊണ്ടുവരാൻ ആരോഗ്യവകുപ്പിന് സാധിച്ചു. 24 മണിക്കൂറിനിടെ രണ്ടുപേർ കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണ സംഖ്യ 2,064 ആയി. 785 പേർ സുഖം പ്രാപിച്ചു. ഇതുവരെ രോഗം ബാധിച്ച 729,518 പേരിൽ 720,653 പേർ സുഖം പ്രാപിച്ചവരാണ്. നിലവിൽ 6,801 പേരാണ് ചികിത്സയിലുള്ളത്. മഹാമാരിയുടെ തുടക്കം മുതൽ 7.86 കോടി പരിശോധനയാണ് യു.എ.ഇ. നടത്തിയത്.

സൗദി അറേബ്യയിൽ പുതുതായി 75 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് നിരീക്ഷണത്തിലുള്ളവരിൽ 66 പേർ സുഖം പ്രാപിച്ചെന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേർ കൂടി മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി 38,410 പരിശോധനകൾ കൂടി നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കേസുകളുടെ എണ്ണം 5,46,067 ആയി. ഇതിൽ 5,35,144 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,628 ആണ്. രോഗം ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,295 ആയി. ഇതിൽ 481 പേരുടെ സ്ഥിതി ഗുരുതരമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 35, മക്ക 10, കിഴക്കൻ പ്രവിശ്യ അഞ്ച്, മദീന അഞ്ച്, ജീസാൻ മൂന്ന്, അസീർ മൂന്ന്, അൽഖസീം മൂന്ന്, നജ്‌റാൻ മൂന്ന്, അൽജൗഫ് മൂന്ന്, ഹായിൽ രണ്ട്, തബൂക്ക് ഒന്ന്, അൽബാഹ ഒന്ന് എന്നിങ്ങനെയാണ്.

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കോവിഡ് മരണമില്ല. 58 പേർക്ക് മാത്രമാണ് പുതിയതായി രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,163 ആയി. ആകെ രോഗികളിൽ 2,93,343 പേരും രോഗമുക്തരായി. 96.8 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. ആകെ മരണം 4089. നിലവിൽ 66 പേരാണ് ചികിത്സയിലുള്ളത്.