ദുബായ് : കേരളത്തിലെ വിമാനത്താവളങ്ങളിലെ റാപ്പിഡ് പരിശോധനാ നിരക്ക് കുറയ്ക്കാൻ ഇടപെടൽ നടത്താത്ത സർക്കാർ നിസ്സംഗതയ്ക്കെതിരേ പ്രവാസികളുടെ പ്രതിഷേധം തുടരുന്നു. കുടുംബമായി യു.എ.ഇ.യിലേക്ക് യാത്രചെയ്യേണ്ടവർക്ക് റാപ്പിഡ് പരിശോധനാനിരക്ക് കൂടിയത് അധിക ബാധ്യതയാണ്. 2500-ഉം അതിന് മുകളിലുമാണ് കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇതിനായി ഈടാക്കുന്നത്. നാലുപേരടങ്ങുന്ന കുടുംബത്തിന് യു.എ.ഇ.യിലെത്താൻ 10,000 രൂപ വരെ ചെലവഴിക്കണം. ആളുകൾ കൂട്ടത്തോടെ ഗൾഫിലേക്ക് മടങ്ങിത്തുടങ്ങിയതോടെ വിമാന ടിക്കറ്റ് നിരക്കും കുത്തനെ ഉയർന്നിട്ടുണ്ട്. പ്രവാസി കൊള്ളയാണ് കേരളത്തിൽ നടക്കുന്നതെന്ന് ഒട്ടുമിക്ക പ്രവാസി സംഘടനകളും ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞു.

കോഴിക്കോട് വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന ഓരോ വാഹനത്തിനും ഇപ്പോൾ പ്രത്യേക ഫീസ് ഈടാക്കുന്നുണ്ട്. വിമാനത്താവളത്തിൽ ആളുകളെ ഇറക്കി നിശ്ചിത സമയത്തിനുള്ളിൽ പുറത്തുകടന്നാൽ നേരത്തേ ഫീസ് ഈടാക്കിയിരുന്നില്ല. വിമാനത്താവളത്തിനകത്തും പുറത്തും അധിക ഫീസ് നൽകേണ്ട അവസ്ഥയിലാണ് ആയിരക്കണക്കിന് പ്രവാസികൾ. റാപ്പിഡ് പരിശോധനയുള്ളതിനാൽ അഞ്ച് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിലെത്താൻ വിമാനക്കമ്പനികൾ നിർദേശം നൽകുന്നുണ്ട്. എന്നാൽ ഇതുപ്രകാരം നേരത്തേ എത്തുന്ന യാത്രക്കാരെ കൃത്യസമയത്ത് അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. ആർ.ടി.പി.സി.ആർ. പരിശോധനാഫലം അധികൃതരെ കാണിക്കൽ, റാപ്പിഡ് പരിശോധന എന്നിവയ്ക്ക് ആളുകൾ കൂട്ടംകൂടി നിൽക്കുന്ന അവസ്ഥയാണ്. ഇതിന് കൂടുതൽ വിശാലമായ സൗകര്യങ്ങൾ ഒരുക്കാൻ കേരളത്തിലെ വിമാനത്താവളങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല. ഗൾഫിലേക്കുള്ള മടക്കം പ്രവാസികൾക്ക് ദുസ്സഹമായ അവസ്ഥയാണ് സമ്മാനിക്കുന്നത്.

കോവിഡ് പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടന നിർദേശിച്ച വാക്സിനേഷനും റാപ്പിഡ് നെഗറ്റീവ് ഫലവും കൈയിൽ കരുതണമെന്ന് നിർബന്ധമാണ്. അത് ഈ രാജ്യത്തിന്റെ സുരക്ഷാനിർദേശമാണ്, അത് എല്ലാവരും അനുസരിക്കുകതന്നെവേണം. എന്നാൽ ഈ സാഹചര്യം മുതലാക്കി സാധാരണക്കാരായ പ്രവാസികളെ ഇന്ത്യ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്നാണ് പ്രവാസികളുടെ പരാതി. മാസങ്ങളായി ജോലിയില്ലാതെ കഷ്ടത്തിലായ പ്രവാസികളിൽനിന്ന് മനുഷ്യത്വഹീനമായ സാമ്പത്തിക ചൂഷണം കേന്ദ്രവും സംസ്ഥാനങ്ങളും നടത്തുകയാണെന്ന് പരാതിയിലുണ്ട്. അതേസമയം യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന പൂർണമായും സൗജന്യമാണ്.

നോർക്കയും

കൈമലർത്തുന്നു

ഷാർജ ഇന്ത്യൻ അസോസിയേഷൻ

കൂടിയ റാപ്പിഡ് നിരക്ക് അടിച്ചേൽപ്പിക്കുന്നത് പ്രതിഷേധാർഹമായ പ്രവണതയാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ പറഞ്ഞു. ദിവസങ്ങൾക്കുമുമ്പ്‌ നാട്ടിൽനിന്ന് വരുമ്പോൾ പാവങ്ങളായ പ്രവാസികളുടെ അവസ്ഥ നേരിൽ കണ്ടതാണ്. തിരുവനന്തപുരത്ത് നോർക്കയുടെ യോഗത്തിൽ ഈ പ്രശ്നം ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിലുന്നയിച്ചു. എന്നാൽ കേന്ദ്രത്തിന്റെ ഇടപെടലിൽ മാത്രമാണ് നിരക്ക് കുറയ്ക്കാനോ സൗജന്യമാക്കാനോ സാധിക്കുകയുള്ളൂവെന്നാണ് നോർക്കയുടെ വിശദീകരണം. കേരള മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെട്ടെങ്കിലും കേന്ദ്രത്തിന്റെ പേരുപറഞ്ഞ് തടിയൂരിയെന്നും അറിയാൻ സാധിച്ചു. കേന്ദ്രമാണ് നിരക്ക് വർധനവിന് ഉത്തരവാദിയെങ്കിൽ കേരളം ശക്തമായി സമ്മർദംചെലുത്തി പ്രശ്നപരിഹാരം കണ്ടെത്തണം. അല്ലാതെ പാവങ്ങളായ പ്രവാസികളെ പിഴിയുന്നതിനോട് യോജിപ്പില്ല, ന്യായീകരണവുമില്ല.

ന്യായമായ ആവശ്യം

നിറവേറ്റണം

ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ

കോവിഡിൽ ജനസംഖ്യയുടെ 80 ശതമാനം പ്രവാസികൾക്ക് യു.എ.ഇ. സൗജന്യ ചികിത്സയും മരുന്നും വാക്സിനും നൽകുന്നു. കൂടാതെ നാട്ടിൽനിന്ന് യു.എ.ഇ. വിമാനത്താവളങ്ങളിൽ ഇറങ്ങുന്നവർക്ക് സൗജന്യ കോവിഡ് പരിശോധനയുമുണ്ട്. അത്തരം സാഹചര്യത്തിൽ റാപ്പിഡ് പരിശോധനയ്ക്ക് കേരളം ഉയർന്നതുക ഈടാക്കുന്നു. പ്രവാസികൾക്ക് സൗജന്യ കോവിഡ് പരിശോധനയടക്കമുള്ള ന്യായമായ ആവശ്യങ്ങൾക്ക് പരിഹാരം വേണമെന്ന് ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സജാദ് നാട്ടിക ആവശ്യപ്പെട്ടു.

കേന്ദ്രത്തിനും

കേരളത്തിനും

നിഷേധാത്മക നിലപാട്

ഇൻകാസ് ഷാർജ

കാലങ്ങളായി പ്രവാസി ഇന്ത്യക്കാരോട് കേന്ദ്രവും കേരളവും നിഷേധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ഇൻകാസ് ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം പറഞ്ഞു. കോവിഡ്കാലംമുതൽ സർക്കാരിന്റെ ‘ചിറ്റമ്മനയം’ കൂടുതൽ ബോധ്യപ്പെടുകയും ചെയ്തു. കോവിഡ് പരിശോധനയിലൂടെ സാധാരണക്കാരെ സർക്കാരുകൾ കൊള്ളയടിക്കുകയാണ്. കടംവാങ്ങിയും കെട്ടുതാലി പണയംവെച്ചും നാട്ടിൽനിന്ന് യു.എ.ഇ.യിലേക്ക് തിരിച്ചുവരുന്നവരെ സാമ്പത്തികമായി ചൂഷണംചെയ്യുകയാണ്. കേരളത്തിൽ കോവിഡ് കാലത്ത് കിറ്റ് കൊടുക്കുകയും സമയത്തിന് പെൻഷൻ അനുവദിക്കുകയും ചെയ്തപ്പോൾ ജീവിക്കാൻ നിർവാഹമില്ലാതെ കടൽകടക്കുന്ന പാവങ്ങളായ പ്രവാസികളെ ബുദ്ധിമുട്ടിക്കുകയാണ്. ഈ പ്രവാസി വിരുദ്ധമായ നിലപാട് തിരുത്തണം.

പ്രവാസികളെ

പിഴിയാൻ കോവിഡ് മറ

കെ.എം.സി.സി.

ഒരു രാജ്യത്തിന് പ്രധാനം ആ രാജ്യത്തിന്റെ സുരക്ഷയാണെന്ന് യു.എ.ഇ. കെ.എം.സി.സി. പ്രസിഡന്റ് പുത്തൂർ അബ്ദുൽ റഹ്മാൻ പറഞ്ഞു. നിലവിൽ ഈ കോവിഡ് പരിശോധന ഒഴിവാക്കാനാവില്ല. കേരളത്തിന്റെ കൃത്യമായ ഇടപെടലിൽ പ്രവാസികളിൽനിന്ന് ഈടാക്കുന്ന അധികതുക ഒഴിവാക്കാനാവും. കേരളം സൗജന്യ പരിശോധനയ്ക്ക് സാഹചര്യമുണ്ടാക്കണം. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും നോർക്കയ്ക്കും കെ.എം.സി.സി. പരാതി നൽകിയിട്ടുണ്ട്. നോർക്ക അനുകൂലമായി പ്രതികരിച്ചത് ആശ്വാസമാണ്.

പ്രവാസികളുടെ

അനിവാര്യതയെ

മുതലാക്കുന്നു

മൽക്കോ ഷാർജ

വാണിജ്യതാത്പര്യം പോലെ ‘ഷൈലോക്ക് നയ’മാണ് പാവങ്ങളായ പ്രവാസികളോട് കേന്ദ്രവും കേരളവും പുലർത്തുന്നതെന്ന് മൽക്കോ ഷാർജ പ്രസിഡന്റ് കെ.എസ്. യൂസുഫ് സഹീർ പറഞ്ഞു. സീസൺ നോക്കി വിമാനടിക്കറ്റുനിരക്ക് കമ്പനികൾ യഥേഷ്ടം ഉയർത്തുമ്പോൾ ഭരണാധികാരികൾ മൗനംപാലിക്കുകയാണ്. ഇപ്പോൾ കോവിഡ് പരിശോധന നിരക്കുകളും ഭീമമായി ഉയർത്തുമ്പോൾ അനങ്ങാതെ സർക്കാർ നിഷ്‌ക്രിയമാവുകയാണ്. പ്രവാസികളുടെ നിവൃത്തികേടിന്റെ അനിവാര്യതയെ ചൂഷണം ചെയ്യുന്നവർക്കെതിരേ രാഷ്ട്രീയം മാറ്റിവെച്ചുകൊണ്ട് പ്രതികരിക്കണം.

കേന്ദ്രം ഇടപെടണം

ഓർമ ദുബായ്

ഇന്ത്യൻ വിമാനത്താവളങ്ങളിൽ പ്രവാസികൾക്കുള്ള കോവിഡ് പരിശോധനാനിരക്ക് കുറയ്ക്കാൻ കേന്ദ്രസർക്കാർ നടപടി വേണമെന്ന് ഓർമ ദുബായ് ജനറൽ സെക്രട്ടറി കെ.വി. സജീവൻ ആവശ്യപ്പെട്ടു. ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് യു.എ.ഇ. അടക്കമുള്ള രാജ്യങ്ങളിലേക്ക് മടങ്ങാൻ പ്രവാസികൾക്ക് പരിമിതമായ അവസരം ലഭിച്ചിരിക്കുന്നത്. മാസങ്ങളായി തൊഴിലില്ലാത്ത പ്രവാസികളെ സംബന്ധിച്ച് ഇതൊരു ഇരുട്ടടിയാണ്.

വിമാനത്താവളങ്ങളിലെ പരിശോധനാനിരക്ക് മാതൃകാപരമായി പുതുക്കി നിശ്ചയിച്ച് പ്രവാസികൾക്ക് കൈത്താങ്ങാകാനുള്ള നടപടിയിലേക്ക് കേന്ദ്രം കടക്കണം.

പ്രവാസികളോട്

കരുണകാണിക്കണം

ഇന്ദിര വിമെൻസ് ഫോറം, ദുബായ്

എല്ലാകാലത്തും പാവങ്ങളായ പ്രവാസികളോട് സർക്കാർ മുഖംതിരിക്കുകയാണെന്ന് ഇന്ദിര വിമെൻസ് ഫോറം പ്രസിഡന്റ് രാജി എസ്. നായർ പറഞ്ഞു. ജീവിക്കാനായി കുടുംബവും സ്വന്തംനാടും വിട്ട് കടൽ കടക്കുന്നവരോട് ഭരിക്കുന്നവർ കരുണകാണിക്കണം. പ്രവാസികൾ നാടിന്റെ സമ്പത്തെന്ന് പറയുന്നവർ മറുഭാഗത്ത് അതേ ജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണ്. കുടുംബസമേതം തിരികെ വരുന്നവർക്ക് വലിയ തുകയാണ് വിമാനടിക്കറ്റ് നിരക്കും കോവിഡ് നിരക്കുമായി നൽകേണ്ടിവരുന്നത്. ഇതിന് പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

പ്രതിഷേധം ഉയരണം

ജനത കൾച്ചറൽ സെന്റർ

കോവിഡ് കാലത്ത് ഏറ്റവുംവലിയ ദുരിതങ്ങൾ അനുഭവിച്ച ഒരു വിഭാഗമാണ് ഗൾഫ് പ്രവാസികൾ. അവരെയാണ് കഴുത്തറുപ്പൻ നിരക്കുകളുമായി സർക്കാരുകൾ വീണ്ടും പ്രതിസന്ധിയിലാക്കുന്നതെന്ന് ജനത കൾച്ചറൽ സെന്റർ പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ പറഞ്ഞു. തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾ വീണ്ടുമൊരു പരീക്ഷണാർഥമാണ് ഗൾഫിലേക്ക് തിരിച്ചുവരുന്നത്. അവർക്ക് വേണ്ട യാത്രാസംബന്ധമായ സഹായങ്ങളും പരിഗണനകളും നൽകുന്നതിനുപകരം അവരെ ചൂഷണം ചെയ്യുകയാണ്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നുവരണം.

പ്രവാസികളോടുള്ള

വെല്ലുവിളി

രാജീവ്ഗാന്ധി കൾച്ചറൽ സെന്റർ

സാധാരണക്കാരായ പ്രവാസികളോടുള്ള വെല്ലുവിളിയാണ് കേന്ദ്രവും കേരളവും നടത്തുന്നതെന്ന് രാജീവ്ഗാന്ധി കൾച്ചറൽ സെന്റർ പ്രസിഡന്റ് റോയ് മാത്യു പറഞ്ഞു. ഇന്ത്യയിലെ രാഷ്ട്രീയനേതൃത്വവും പ്രവാസികളെ കൊള്ളയടിക്കുന്നതിന് കൂട്ടുനിൽക്കുന്നു. മാധ്യമങ്ങളുടെ സഹായത്തിൽ മാത്രമാണ് സാധാരണക്കാരായ പ്രവാസികളുടെ ശബ്ദം ഭരണനേതൃത്വത്തിൽ എത്തിക്കാൻ സാധിക്കുന്നത്. പ്രവാസികളുടെ സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്ക് കൂടുതൽ പ്രഹരം ഏൽപ്പിക്കുകയാണ് കേന്ദ്രവും കേരളവും ചെയ്യുന്നത്. അതിന് പരിഹാരം നിരന്തര പ്രതിഷേധത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.

ഇത് മനുഷ്യത്വഹീനം

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം

പ്രവാസികളുടെനേരെ മനുഷ്യത്വഹീനമായ സാമ്പത്തിക ചൂഷണമാണ് നടക്കുന്നതെന്ന് കേന്ദ്രവും കേരളവും നടത്തുന്നതെന്ന് ഷാർജ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് വി.കെ. മുരളീധരൻ പറഞ്ഞു. സാഹചര്യം മുതലാക്കിയാണ് ചൂഷണംനടത്തുന്നത്. ഇത് അവസാനിപ്പിക്കണം, പ്രവാസികളുടെ പണം അതത് കോൺസുലേറ്റുകളുടെ കൈയിലുണ്ടല്ലോ, അതാണ് പ്രവാസികളുടെ കോവിഡ് പരിശോധനയ്ക്കടക്കം ചെലവാക്കേണ്ടത്.

പ്രവാസികളോടുള്ള

ചൂഷണം

പ്രിയദർശിനി ആർട്‌സ് ആൻഡ് സോഷ്യൽ സെന്റർ

പ്രവാസികൾക്ക് യൂണിയനോ രാഷ്ട്രീയസാഹചര്യമോ ഇല്ലാത്തതിനാൽ ചൂഷണമാണ് നടക്കുന്നതെന്ന് പ്രിയദർശിനി ആർട്‌സ് ആൻഡ് സോഷ്യൽ സെന്റർ ഷാർജ പ്രസിഡന്റ് സന്തോഷ്‌കുമാർ കേട്ടത്ത് പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രവാസികളെ കറവപ്പശുക്കളാക്കുകയാണ്. എല്ലാ കാലഘട്ടത്തിലും ഭരിക്കുന്നവർ അതിനോരോ കാരണം കണ്ടെത്തുന്നുവെന്നുമാത്രം. പ്രവാസിയുടെ ജീവനും സ്വത്തിനും സർക്കാർ വിലകല്പിക്കുന്നില്ല.

പോറ്റമ്മയുടെ സ്നേഹം

പെറ്റമ്മയ്ക്കില്ല

ഷാർജ ഒ.ഐ.സി.സി.

പ്രവാസികളോട് പോറ്റമ്മ കാണിക്കുന്ന സ്നേഹമോ പരിഗണനയോ സ്വന്തം നാടായ ഇന്ത്യ കാണിക്കുന്നില്ലെന്ന് ഷാർജ ഒ.ഐ.സി.സി. ചെയർമാൻ എസ്. മുഹമ്മദ് ജാബിർ പറഞ്ഞു. മാസങ്ങളോളം യാത്ര ചെയ്യാനാവാതെ നാട്ടിലായ പ്രവാസികളുടെ കണ്ണീരും പ്രാരബ്ധവും കാണുന്നില്ലേ? അവർ തിരികെ മടങ്ങുമ്പോൾ സഹായിക്കേണ്ട കേന്ദ്രവും കേരളവും മനുഷ്യത്വരഹിതമായി പെരുമാറുന്നു. വിദേശ വിമാനത്താവളത്തിൽ സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ ടെസ്റ്റുകൾ സൗജന്യമാക്കുമ്പോൾ ഇന്ത്യ ഈ നിലപാട് സ്വീകരിക്കരുത്.

സംസ്ഥാനങ്ങൾ ചെലവ്

വഹിക്കണം

ഇന്ദിരാഗാന്ധി വീക്ഷണം ഫോറം

യു.എ.ഇ.യിൽ കോവിഡ് പരിശോധന സൗജന്യമാക്കുമ്പോൾ ഇന്ത്യയിൽ സാമ്പത്തിക ചൂഷണം നടക്കുകയാണ്. കേരളത്തിൽനിന്ന്‌ യു.എ.ഇ.യിലേക്കുവരുന്ന സാധാരണക്കാരായ പ്രവാസികളുടെ കോവിഡ് പരിശോധനച്ചെലവ് കേരളംതന്നെ വഹിക്കണം. യു.എ.ഇ.യുടെ മാതൃക കേരളവും പിന്തുടരണമെന്ന് ഷാർജ ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ജനറൽ സെക്രട്ടറി രഘുകുമാർ മണ്ണൂരത്ത് പറഞ്ഞു.

ഈ അവസ്ഥ മാറണം

യുവകലാ സാഹിതി

യു.എ.ഇ.യിലേക്കുവരുന്ന സാധാരണക്കാരായ പ്രവാസികളെ കോവിഡ് പരിശോധനയുടെ പേരിൽ പിടിച്ചുപറിക്കുകയാണെന്ന് യുവകലാ സാഹിതി യു.എ.ഇ. രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ പറഞ്ഞു. ഈ അവസ്ഥയ്ക്ക് മാറ്റംവരണം. ഇവിടെനിന്നും നാട്ടിലേക്കുപോകുന്ന പ്രവാസികൾക്ക് ഇന്ത്യ ഗവൺമെന്റ് വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന നിർബന്ധമാക്കിയപ്പോൾ സമാന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കേരള സർക്കാർ ഇടപെടുകയും സൗജന്യമായി ടെസ്റ്റ് നടത്തുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്തു. അതുപോലെ ഇക്കാര്യത്തിലും ക്രിയാത്മകമായി ഇടപെടണം.

പ്രസംഗംമാത്രം പോരാ,

സഹായവും വേണം

ഇന്ത്യൻ എക്കോസ്

പ്രവാസികളുടെ മഹത്ത്വവും ഉന്നമനവും ഇന്ത്യയിലെ ഭരണക്കാർ പ്രസംഗിച്ചാൽമാത്രം പോരാ തിരിച്ച് സഹായവും വേണമെന്ന് ഷാർജ ഇന്ത്യൻ എക്കോസ് പ്രസിഡന്റ്‌ ജോയ് തോട്ടുങ്ങൽ ആവശ്യപ്പെട്ടു. ഇന്ത്യയിൽ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനയ്ക്ക് ഈടാക്കുന്ന ഭീമമായ തുക പിൻവലിക്കുകയോ സൗജന്യമാക്കുകയോ വേണം. അല്ലെങ്കിൽ ശക്തമായ പ്രതിഷേധം അനിവാര്യമാണ്.

നനഞ്ഞിടം കുഴിക്കുന്നവർ

ഷാർജ ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനം

സാമ്പത്തികമായി നട്ടംതിരിഞ്ഞിരിക്കുകയാണ് അവധിയിൽ നാട്ടിലെത്തി കുടുങ്ങിപ്പോയ പ്രവാസികൾ. ഈ ദുരിതപൂർണ സാഹചര്യത്തിൽ സാമ്പത്തികമായി സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യേണ്ട ഭരണക്കാർ ദ്രോഹിക്കുകയാണെന്ന് ഷാർജ ഓർത്തഡോക്സ് യുവജനപ്രസ്ഥാനം പ്രതിനിധി ബിജു തങ്കച്ചൻ പറഞ്ഞു. പ്രവാസികളുടെ ചുമലിൽ ടിക്കറ്റ് നിരക്കിന്റെ അധികഭാരം അടിച്ചേൽപ്പിക്കുന്നതിൽ വിമാനക്കമ്പനികൾ ഒട്ടും പിന്നിലല്ല. പകൽകൊള്ളയാണിത്.

സർക്കാരിന്റെ

ഇടപെടൽ വേണം

പയ്യന്നൂർ സൗഹൃദവേദി

സാന്ത്വനവും കരുതലും തരേണ്ട സർക്കാർ പ്രവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണെന്ന് പയ്യന്നൂർ സൗഹൃദവേദി പ്രസിഡന്റ് ഉഷാ നായർ പറഞ്ഞു. കോവിഡും യാത്രാവിലക്കും കാരണം തൊഴിൽ അനിശ്ചിതത്വം നേരിടുമ്പോഴാണ് മറുഭാഗത്ത് ദ്രോഹനടപടികളും അനുഭവിക്കുന്നത്. പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്ന് പറയുമ്പോഴും അതേ നട്ടെല്ലിനിട്ട് ചവിട്ടുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളോടുള്ള പ്രതിഷേധം ഈ അവസരത്തിൽ അറിയിക്കുന്നു. സർക്കാരിന്റെ ശക്തമായ ഇടപെടലുകൾ ഈ കാര്യത്തിലുണ്ടാകണം. പ്രതിഷേധംഉയർത്തി സംഘടനകൾ