അബുദാബി : അപകട സ്ഥലങ്ങളിൽ കൂട്ടംകൂടി കാഴ്ചകാണാൻ നിൽക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. പോലീസിന്റെയും സുരക്ഷാസേനയുടെയും വഴിമുടക്കുന്ന ഇത്തരം സംഘങ്ങൾ സാമൂഹിക വെല്ലുവിളിയുണ്ടാക്കുന്നതാണ്. സിവിൽ ഡിഫൻസ്, ആംബുലൻസ്, മറ്റ് സുരക്ഷാ വാഹനങ്ങൾ എന്നിവയുടെ അതിവേഗ സഞ്ചാരത്തിന് മാർഗതടസ്സമുണ്ടാക്കുന്നത് അപകടങ്ങളിൽപ്പെടുന്നവർക്ക് ആവശ്യമായ സേവനം ലഭിക്കുന്നത് വൈകിപ്പിക്കുന്നു. അപകടദൃശ്യങ്ങൾ മൊബൈലിൽ പകർത്തുക, അവ മറ്റുള്ളവർക്ക് സ്വകാര്യമായോ, സാമൂഹിമാധ്യമങ്ങൾ വഴിയോ പങ്കുവെക്കുക തുടങ്ങിയ പ്രവൃത്തികൾ കുറ്റകൃത്യങ്ങളാണ്. മാത്രമല്ല അപകട സ്ഥലങ്ങളിൽ ആളുകൾ ഒത്തുകൂടുന്നത് വീണ്ടും അപകടങ്ങളുണ്ടാകുന്നതിന് കാരണമാകും. അപകടത്തിൽപ്പെടുന്നവരുടെ സ്വകാര്യതയും പ്രധാനപ്പെട്ടതാണ്.

അപകടസ്ഥലങ്ങളിൽ ആളുകൾ ഒത്തുകൂടുന്നതും വാഹനങ്ങൾ നിർത്തിനോക്കുന്നതും 1000 ദിർഹം പിഴ ലഭിക്കുന്ന കുറ്റകൃത്യമാണ്. അപകടത്തിന്റെയും അപകടത്തിൽപ്പെടുന്നവരുടെയും ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് 15,000 ദിർഹം പിഴ ലഭിക്കുന്ന കുറ്റകൃത്യമാണ്.

അപകടസ്ഥലത്ത് ഒത്തുകൂടിയ ഒമ്പതുപേരുടെ മേൽ അതിവേഗത്തിൽ വന്ന മറ്റൊരുവാഹനമിടിച്ച സംഭവം 2018-ൽ അൽ ഐനിൽ റിപ്പോർട്ടുചെയ്തതായും പോലീസ് അറിയിച്ചു. ഇത്തരത്തിൽ ഒത്തുകൂടി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്ന ആളുകളുടെ ചിത്രങ്ങൾ സഹിതമാണ് പോലീസ് ഇൻസ്റ്റഗ്രാമിൽ മുന്നറിയിപ്പുനൽകിയിരിക്കുന്നത്.