ദുബായ് : സ്വർണപ്പല്ലുമായി ദുബായിൽനിന്ന് ഡൽഹിയിലെത്തിയ യാത്രികൻ കസ്റ്റംസ് പിടിയിലായി. 20,200 ദിർഹം വിലമതിക്കുന്ന 95 ഗ്രാമിന്റെ സ്വർണപ്പല്ലുമായാണ് ഇയാൾ പിടിയിലായത്. ഓഗസ്റ്റ് 28-ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് തടഞ്ഞുവെച്ച രണ്ട് ഉസ്‌ബെക്കിസ്താൻ പൗരന്മാരിൽ ഒരാളാണ് ഇത്. കാര്യമായ ബാഗേജുകളൊന്നുമില്ലാതെ അറൈവൽ ഗ്രീൻ ചാനലിലൂടെ പുറത്തേക്കുവന്ന ഇവർ കസ്റ്റംസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഭീകരവാദ പശ്ചാത്തലം പരിശോധിക്കാൻ സംശയമുള്ളവരെ അഡ്വാൻസ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം വഴി നിരീക്ഷിച്ചുവരുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരാളിൽനിന്ന് സ്വർണം കണ്ടെത്തിയത്. സ്വർണത്തിന്റെ നികുതിയും കസ്റ്റംസ് ഫീസും ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ഇയാളെ നിയമനടപടികൾക്ക് വിധേയമാക്കി.