ദുബായ് : ലോറിയിൽ ഹത്ത അതിർത്തി വഴി ഒമാനിലേക്ക് കടത്താൻ ശ്രമിച്ച 64 വേട്ടപ്പരുന്തുകളെ ദുബായ് കസ്റ്റംസ് കണ്ടെടുത്തു. ആരോഗ്യ സുരക്ഷാ റിപ്പോർട്ടുകളൊന്നുമില്ലാതെ പ്രത്യേക ബോക്സുകളിലാക്കിയാണ് പരുന്തുകളെ കൊണ്ടുപോകാൻ ശ്രമിച്ചത്. യു.എ.ഇ.യുടെ പൈതൃകത്തിന്റെ ഭാഗമായ, ദേശീയ ചിഹ്നത്തിൽപ്പോലും ഉൾപ്പെടുന്ന വേട്ടപ്പരുന്തുകളെ വലിയ വിലയ്ക്കാണ് അറബ് രാജ്യങ്ങളിൽ വിൽക്കുന്നത്. അരക്കോടി ഇന്ത്യൻ രൂപവരെ വിലവരുന്ന വേട്ടപ്പരുന്തുകൾ ഇവിടെയുണ്ട്.

പച്ചക്കറികൾ നിറച്ച പെട്ടികൾക്കുപിറകിലാണ് പരുന്തുകളെ ഒളിപ്പിച്ചിരുന്നത്. കണ്ടെടുത്ത ഇവയെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിനുകീഴിലെ വെറ്ററിനറി ക്വാറന്റീൻ വകുപ്പിലേക്ക് മാറ്റി. വംശനാശ ഭീഷണി നേരിടുന്ന ജന്തുക്കളെ ഇത്തരത്തിൽ ഉപയോഗിക്കുന്ന സംഘങ്ങൾക്കെതിരേ കർശനനടപടികൾ കൈക്കൊള്ളുമെന്ന് ദുബായ് കസ്റ്റംസ് ലാൻഡ് കസ്റ്റംസ് സെന്റർ മാനേജ്‌മെന്റ് ഡയറക്ടർ ഹുമൈദ് അൽ റഷീദ് പറഞ്ഞു.

എല്ലാ രേഖകളും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അനുമതിപത്രങ്ങളുമുണ്ടെങ്കിൽ മാത്രമാണ് മൃഗങ്ങളെ അതിർത്തികടത്തി കൊണ്ടുപോകാൻ അനുവദിക്കുക.