അബുദാബി : യു.എ.ഇ.യുടെ അടുത്ത 50 വർഷത്തേക്കുള്ള പ്രവർത്തനപദ്ധതിയുടെ ഭാഗമായി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരമൊരുങ്ങുന്നു. 2400 കോടി ദിർഹം മുതൽമുടക്കിൽ സ്വകാര്യമേഖലയിൽ 75,000 തൊഴിലവസരം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് അധികാരികൾ വ്യക്തമാക്കി.

ഇതുപ്രകാരം വിദ്യാർഥികൾക്കും പഠിച്ചിറങ്ങുന്ന ബിരുദധാരികൾക്കും ബിസിനസ് വികസനഫണ്ടായി 100 കോടി ദിർഹം മാറ്റിവെക്കും. സർക്കാർ സഹകരണത്തോടെയുള്ള സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കുട്ടികൾക്കായി പ്രത്യേക അലവൻസ്, തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ, ബിസിനസ് ആരംഭിക്കാൻ താത്‌പര്യമുള്ള സർക്കാർ ജീവനക്കാർക്ക് ആദ്യകാലവിരമിക്കൽ പദ്ധതികൾ എന്നിവ ഇതിലുൾപ്പെടും. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ വാർത്തെടുക്കുന്നത് ദേശീയ ഉത്തരവാദിത്വമാണെന്ന ആശയത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നതെന്ന് യു.എ.ഇ. കാബിനറ്റ് മന്ത്രി മുഹമ്മദ് അൽ ഗർഗാവി പറഞ്ഞു.

ജനങ്ങളുടെ ശാക്തീകരണവും സമ്പദ്ഘടനയുടെ സുസ്ഥിരതയുമാണ് അടുത്ത 50 വർഷത്തെ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി.

വരാനിരിക്കുന്ന 50 വർഷം സംഭവബഹുലമായിരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അരനൂറ്റാണ്ടിന്റെ പ്രവർത്തനപദ്ധതി യു.എ.ഇ. സർക്കാർ വ്യക്തമാക്കിയത്. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള 10 തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള 50 പദ്ധതികളാണ് യു.എ.ഇ. നടപ്പാക്കുക. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശി എന്നിവരുടെ മേൽനോട്ടത്തിലാണ് പദ്ധതികൾ നടപ്പാക്കുക.

50 ഇന പദ്ധതികളിൽ ആദ്യഘട്ടത്തിൽ ഒട്ടേറെ ആനുകൂല്യങ്ങൾ നൽകുന്ന ഗ്രീൻ വിസയും ഫ്രീലാൻസ് വിസയുമായിരുന്നു പ്രഖ്യാപിച്ചത്. വികസനത്തിന്റെയും അഭിവൃദ്ധിയുടെയും പുതിയ നാളെകൾ ഉറപ്പുവരുത്തുന്ന 50 ഇന പദ്ധതികളിൽ ആദ്യഘട്ടം യു.എ.ഇ. വിദേശവ്യാപാര സഹമന്ത്രി ഡോ.താനി ബിൻ അഹമദ് അൽ സിയൂദിയാണ് പ്രഖ്യാപിച്ചത്. നിക്ഷേപകർക്കും വ്യാപാര സമൂഹത്തിനും പ്രൊഫഷണലുകൾക്കും മുതിർന്ന പൗരന്മാർക്കുമായാണ് ഗ്രീൻവിസ എന്ന പുതിയ പദ്ധതി.

സ്വതന്ത്രമായി പ്രവർത്തിക്കുന്നതിന് അനുവദിക്കുന്ന ഫ്രീലാൻസ് വിസയായിരുന്നു മറ്റൊരു പ്രഖ്യാപനം.

മാന്യമായ ജീവിതത്തിന് മുൻഗണന -ശൈഖ് ഖലീഫ

ദുബായ് : അടുത്തതലമുറകളുടെ മാന്യമായ ജീവിതത്തിനാണ് മുൻഗണന നൽകുന്നതെന്ന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തും. യു.എ.ഇ.യുടെ സുവർണജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച ‘പ്രോജക്ട് ഓഫ് 50’-യുടെ ഭാഗമായുള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രഖ്യാപനം നടത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.