ഷാർജ : രക്ഷിതാക്കൾക്ക് കുട്ടികളുടെ സ്കൂൾബസുകൾ ട്രാക്ക് ചെയ്യാൻ ഷാർജയിൽ പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി. ‘യുവർ ചിൽഡ്രൻ ആർ സേഫ്’ എന്ന ആപ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്.

ഷാർജയിലെ 122 സ്വകാര്യ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ആപ്പ് ലഭ്യമാകും. സ്കൂൾ ബസ് സൂപ്പർവൈസർമാർക്കും വിദ്യാർഥികളുടെ ഹാജർ രേഖപ്പെടുത്താനും ആപ്പ് ഉപയോഗിക്കാമെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി ഡയറക്ടർ അലി അൽ ഹൊസാനി അറിയിച്ചു.

എല്ലാ പ്രവർത്തനങ്ങളും അതോറിറ്റി ആസ്ഥാനത്ത് നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും വിദ്യാർഥികളെ സ്കൂളിലേക്കും പുറത്തേക്കും കൊണ്ടുപോകുമ്പോൾ ഷാർജയിലെ സ്കൂൾ ബസുകളുടെ ചലനം നിരീക്ഷിക്കാൻ പ്രത്യേക ജീവനക്കാരെ പ്രാപ്തരാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തരസാഹചര്യങ്ങളിൽ ആപ്പ് മുന്നറിയിപ്പ് നൽകും. വിദ്യാർഥികളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി എല്ലാ സ്കൂൾ ബസുകളിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.