ദുബായ് : യു.എ.ഇ.യിലെ ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളുടെ മക്കൾക്ക് സ്കോളർഷിപ്പുകൾ നൽകിത്തുടങ്ങി. ആരോഗ്യപരിപാലന പ്രൊഫഷണലുകളുടെ 1850-ഓളം കുട്ടികൾക്ക് ഇതുവരെ സ്കോളർഷിപ്പ് ലഭിച്ചു.

മുന്നണിപ്പോരാളികളുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവുകളെല്ലാം വഹിക്കുന്ന സ്കോളർഷിപ്പാണ് യു.എ.ഇ. നൽകുന്നത്. ‘ഹയ്യക്കും’ എന്നറിയപ്പെടുന്ന സ്കോളർഷിപ്പുകളിൽ ഹൈസ്കൂൾതലം മുതൽ ബിരുദംവരെയുള്ള എല്ലാ വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടും.

ട്യൂഷൻ ചെലവുകൾ, ലാപ്‌ടോപ്പ്, യാത്രക്കൂലി തുടങ്ങി എല്ലാ ചെലവുകളും ഈ സ്കോളർഷിപ്പിന്റെ പരിധിയിൽ ഉൾപ്പെടും.

തങ്ങളുടെ മക്കൾക്കുവേണ്ടി നൽകിയ സ്കോളർഷിപ്പിൽ യു.എ.ഇ.യിലെ രണ്ട് മുൻനിര പോരാളികൾ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാന് നന്ദി അറിയിച്ചു. ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നിർദേശപ്രകാരമാണ് ആരോഗ്യപരിപാലന വിദഗ്ധരുടെ കുട്ടികൾക്ക് ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം നൽകാനും അവർ നേരിടുന്ന സാമ്പത്തികപ്രയാസം കുറയ്ക്കാനുംവേണ്ടി സ്കോളർഷിപ്പ് പദ്ധതി ആരംഭിച്ചത്.