ദുബായ് : യു.എ.ഇ.യിൽ തുറസ്സായസ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമം ബുധനാഴ്ച അവസാനിക്കും. ജൂൺ 15 മുതൽ സെപ്‌റ്റംബർ 15 വരെയാണ് ഉച്ചവിശ്രമനിയമം പ്രാബല്യത്തിലുള്ളത്. ഉച്ചയ്ക്ക് 12.30 മുതൽ മൂന്നു മണി വരെയാണ് തൊഴിലാളികൾക്ക് വിശ്രമസമയം. വേനൽ കടുത്തതോടെ തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാനാണ് ഈ തീരുമാനം. ഏതെങ്കിലും സ്ഥാപനം ഈ നിയന്ത്രണം ലംഘിക്കുന്നതായി കണ്ടെത്തിയാൽ ജോലി ചെയ്യുന്ന ഓരോ തൊഴിലാളിക്കും 5000 ദിർഹം വീതം പിഴ ഈടാക്കും. ഇങ്ങനെ പരമാവധി 50,000 ദിർഹം വരെ ഒരു സ്ഥാപനത്തിൽ നിന്ന് ഈടാക്കുമെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഉച്ചവിശ്രമ നിയമം 17-ാം വർഷവും വിജയകരമായി നടപ്പാക്കിയതായി അധികൃതർ വ്യക്തമാക്കി. ചൂടിന് ശമനമായതിനാൽ വ്യാഴാഴ്ച മുതൽ തൊഴിൽസമയം പുനക്രമീകരിക്കും.