കുവൈത്ത് സിറ്റി : കെയ്റോയിൽ സമാപിച്ച 156-ാ മത് അറബ് ലീഗ് സമ്മേളനം വലിയ പ്രതീക്ഷകൾക്കിടയാക്കിയതായി അറബ് രാഷ്ട്രത്തലവന്മാർ അഭിപ്രായപ്പെട്ടു.

ഗൾഫ് മേഖലയുടെ കെട്ടുറപ്പും സുരക്ഷയും സുസ്ഥിരതയും നിലനിർത്തുകയാണ് കുവൈത്തിന്റെ നയമെന്ന് കുവൈത്ത് വിദേശ കാര്യമന്ത്രി ശൈഖ്‌ ഡോ. അഹ്‌മദ്‌ നാസ്സർ അൽ മുഹമ്മദ് അൽ സബാഹ് അഭിപ്രായപെട്ടു. സമ്മേളനത്തിൽ കുവൈത്തിന്റെ നയം വ്യക്തമാക്കുകയായിരുന്നു മന്ത്രി.

അതോടൊപ്പം മേഖലയിൽ സുരക്ഷയും സുസ്ഥിരവികസനവും സാധ്യമാക്കാനുള്ള അറബ് ലീഗിന്റെ പരിശ്രമങ്ങൾ

അഭിനന്ദനാർഹമാണെന്നും അറബ് ലീഗിന് പ്രാധാന്യമേറെയാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് കൂട്ടിച്ചേർത്തു. അറബ് ലീഗിന്റെ ചട്ടങ്ങളും ധാരണകളും അനുസരിച്ച് മേഖലയിലെ രാജ്യങ്ങളുടെ പരസ്പര താത്‌പര്യങ്ങൾക്ക് അനുസൃതമായ ഇടപെടലുകൾക്ക് കുവൈത്ത് മുന്നിലുണ്ടാകുമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

അതേസമയം, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി പലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങളെ കുവൈത്തും അറബ് ലോകവും എന്നും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.