ദുബായ് : യു.എ.ഇ.യിൽ കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. ഒരു വർഷത്തിനിടയിലെ ഏറ്റവും കുറവ് സംഖ്യയാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത്. 620 പേർക്ക് മാത്രമാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 785 പേർ രോഗമുക്തരാവുകയും ചെയ്തു. ഇതിനുമുൻപ് 2020 സെപ്റ്റംബർ ഏഴിനായിരുന്നു കുറവ് രോഗബാധ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് ആരും മരിച്ചിട്ടില്ല.

പുതിയതായി നടത്തിയ 3,77,394 പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,28,886 പേർക്ക് യു.എ.ഇ.യിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,19,948 പേർ രോഗമുക്തരാവുകയും 2,062 പേർ മരിക്കുകയും ചെയ്തു. നിലവിൽ 6,876 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. നിലവിൽ 0.2 ശതമാനമാണ് യു.എ.ഇ.യിലെ കോവിഡ് മരണനിരക്ക്. ചികിത്സയിലുള്ള രോഗികൾക്ക് മികച്ച ചികിത്സയാണ് നൽകിവരുന്നത്.

ഒമാനിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 181 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. വ്യാഴാഴ്ച 61 പേർക്കും വെള്ളിയാഴ്ച 51 പേർക്കും ശനിയാഴ്ച 69 പേർക്കും രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം ഇതോടെ 3,03,105 ആയി. ഇവരിൽ 2,93,254 പേർ ഇതിനോടകം രോഗമുക്തി നേടി. 96.7 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. വ്യാഴാഴ്ച രണ്ട് പേരും വെള്ളിയാഴ്ച ഒരാളും ശനിയാഴ്ച രണ്ടുപേരും ഒമാനിൽ രോഗം ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 4089 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് പേരെ മാത്രമാണ് രോഗം ബാധിച്ച് രാജ്യത്തെ ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവർ ഉൾപ്പെടെ ആകെ 64 രോഗികൾ ഇപ്പോൾ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ 26 പേർ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

സൗദി അറേബ്യയിൽ പുതുതായി 80 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് നിരീക്ഷണത്തിലുള്ളവരിൽ 95 പേർ സുഖംപ്രാപിച്ചെന്നും 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധഭാഗങ്ങളിലായി ആറുപേർ കൂടി മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. പുതുതായി 44,227 കോവിഡ് പരിശോധനകൾകൂടി നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കേസുകളുടെ എണ്ണം 5,45,992 ആയി. ഇതിൽ 5,35,078 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,623 ആയി. കോവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2291 ആണ്. ഇതിൽ 508 പേരുടെ സ്ഥിതി ഗുരുതരമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 31, മക്ക 15, കിഴക്കൻ പ്രവിശ്യ 7, ജീസാൻ 5, മദീന 5, അൽഖസീം 4, അസീർ 4, നജ്‌റാൻ 4, ഹായിൽ 2, തബൂക്ക് 1, അൽജൗഫ് 1, അൽബാഹ 1 എന്നിങ്ങനെയാണ്.