ദുബായ് : കെ.എം.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ തകാഫുൽ പെൻഷൻ പദ്ധതി 13-ാംമത് വർഷത്തിലേക്ക്. ഇതുവരെ 1.10 കോടി രൂപ വിതരണം ചെയ്തതായി ജില്ലാ പ്രസിഡന്റ് ഇസ്മായിൽ ഏറാമല, ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ്, ഖജാൻജി നജീബ് തച്ചംപൊയിൽ എന്നിവർ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിൽനിന്നും മുനിസിപ്പൽ, കോർപ്പറേഷൻ പരിധിയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 110 കുടുംബങ്ങൾക്കാണ് പ്രതിമാസം ആയിരം രൂപ പെൻഷൻ നൽകി വരുന്നത്. 2009-ൽ ഹംസ പയ്യോളി പ്രസിഡന്റും ഇബ്രാഹിം മുറിച്ചാണ്ടി ജനറൽ സെക്രട്ടറിയുമായ ജില്ലാ കെ.എം.സി.സി. കമ്മിറ്റിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഇതുമായി ബന്ധപ്പെട്ട് നടന്ന ജില്ലാ പ്രവർത്തക സമിതി യോഗം ദുബായ് കെ.എം.സി.സി. സംസ്ഥാന ഉപാധ്യക്ഷൻ ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു. തകാഫുൽ പദ്ധതിയുടെ റിപ്പോർട്ടും കണക്കും യോഗത്തിൽ അവതരിപ്പിച്ചു. ദുബായ് കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ. ഇബ്രാഹിം, സീനിയർ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കർ, സെക്രട്ടറി ഹസൻ ചാലിൽ എന്നിവർ സംസാരിച്ചു. ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി അഹമ്മദ് ബിച്ചി സ്വാഗതവും സെക്രട്ടറി മൂസ കൊയമ്പ്രം നന്ദിയും പറഞ്ഞു.