കുവൈത്തു സിറ്റി : കുവൈത്തിൽ വിദേശികൾക്കു നൽകിവരുന്ന സൗജന്യആരോഗ്യ സേവനങ്ങൾക്ക് നിയന്ത്രണം വരുന്നു. ആരോഗ്യ മന്ത്രാലയം നേരിടുന്ന അധിക സാമ്പത്തിക ചെലവുകൾ ചുരുക്കന്നതിനാണ് അധികൃതർ ആലോചിക്കുന്നത്. അതിന്റെ ഭാഗമായി വിദേശികളുടെ ചികിത്സ ചെലവ് കുറയ്ക്കാൻ ആരോഗ്യ മന്ത്രാലയം പഠനം നടത്തുന്നതായി പ്രാദേശിക പത്രമാണ് റിപ്പോർട്ട് ചെയ്തത്.

ആശുപത്രികളിൽ മരുന്നുകൾ വിതരണം ചെയ്യുന്നത് കുറക്കുന്നതിന്റെ സാധ്യതകൾ പഠിക്കുന്നതിനും ആവശ്യമുള്ളതിനേക്കാൾ അധികം മരുന്ന് വിതരണം ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തി.

പത്തു ശതമാനമെങ്കിലും ചെലവ് ചുരുക്കാനാണ് ആലോചിക്കുന്നത്. ഇൻഷുറൻസ് പരിരക്ഷക്ക് കീഴിലുള്ള ചികിത്സ സേവനങ്ങളെ, വിശേഷിച്ച് ശസ്ത്രക്രിയകളെ പരിഷ്കരണം ബാധിക്കില്ല. നിസ്സാര കേസുകളിൽ അനാവശ്യമായി മരുന്നുവിതരണം നടത്തുന്നത് നിയന്ത്രിക്കാനുമാണ് ആലോചിക്കുന്നത്. കുവൈത്ത് സ്വദേശികളെ വിദേശത്ത് ചികിത്സയ്ക്ക് അയക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തുന്നതിനും ആലോചനയുണ്ട്.

ഗുരുതര കേസുകൾക്ക് മാത്രം വിദേശത്ത് അയയ്ക്കും. കുവൈത്തിൽ ചികിത്സ ലഭ്യമായ കേസുകളിൽ ഇവിടെ തന്നെ ചികിത്സ നൽകും. സ്വദേശികളെ വിദേശത്തു കൊണ്ടുപോയി ചികിത്സിക്കുന്ന നിലവിലെ സാഹചര്യത്തിൽ 30 ശതമാനം എങ്കിലും കുറവ് കണ്ടെത്തുന്നതിനുമാണ് ആലോചിക്കുന്നത്.