ദുബായ് : ലോകമഹാമേള അടുത്തെത്തിയതോടെ വിസ്മയകരമായ കാഴ്ചകൾക്കാണ് എക്സ്‌പോ 2020 സാക്ഷ്യംവഹിക്കുന്നത്.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സംഘവും എക്സ്‌പോ വേദിയിലേക്ക് കഴിഞ്ഞദിവസം സൈക്ലിങ് പര്യടനം നടത്തി.

വരും മാസങ്ങളിൽ ലക്ഷക്കണക്കിന് സന്ദർശകരെ സ്വാഗതം ചെയ്യാനിരിക്കുന്ന വേദികളുടനീളം അദ്ദേഹം സൈക്കിളിൽ യാത്രചെയ്ത് കണ്ട് വിലയിരുത്തി. ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകമേള ഒക്ടോബർ ഒന്നുമുതലാണ് ആരംഭിക്കുന്നത്. ഗൾഫിൽ അരങ്ങേറുന്ന ആദ്യ എക്സ്‌പോ 192 രാജ്യങ്ങളെ ഉൾക്കൊള്ളുന്ന സംസ്കാരത്തിന്റെയും നവീകരണത്തിന്റെയും അന്താരാഷ്ട്ര ആഘോഷമായി മാറും.

ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലാണ്. കഴിഞ്ഞയാഴ്ച ദുബായ് ഭരണാധികാരി ദേശീയ ദുരന്തനിവാരണ അതോറിറ്റിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എക്സ്‌പോ വേദിയിലെ കോവിഡ് സുരക്ഷകളെക്കുറിച്ചെല്ലാം വിലയിരുത്തുകയും ചെയ്തു. സുരക്ഷാ ഉത്തരവാദിത്ത്വമുള്ള സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു.