ദുബായ് : എക്സ്‌പോ 2020-ലെ പ്രധാന കവാടങ്ങളിലെല്ലാം കാണാം എൻജിനിയറിങ് കാഴ്ചകളുടെ വിസ്മയങ്ങൾ. ബ്രിട്ടീഷ് ആർക്കിടെക്ട് ആസിഫ് ഖാൻ രൂപകൽപ്പനചെയ്ത കൂറ്റൻ പ്രവേശന കവാടങ്ങളാണ് എക്സ്‌പോ സന്ദർശകരുടെ മുഖ്യ ആകർഷണങ്ങളിലൊന്ന്. എക്സ്‌പോയിൽ എത്തുന്നവർ ആദ്യം കാണുന്ന വാസ്തുശിൽപ്പമാണ് ഈ കവാടങ്ങൾ. പുരാതന മഷ്‌റബിയ മാതൃകയിലാണ് ഇവയുടെ രൂപകൽപ്പന. ഇസ്‌ലാമിക വാസ്തുശിൽപ്പ രീതിയാണ് മഷ്‌റബിയുടെ പ്രത്യേകത. അറബ് നാട്ടിലെ പൗരാണിക വീടുകളുടെ വാതിലുകളും ജനലുകളും ഈ രീതിയിലായിരുന്നു നിർമിച്ചിരുന്നത്.

30 മീറ്റർ വീതിയും 21 മീറ്റർ ഉയരവും ഇതിനുണ്ട്. 18 ടൺ മാത്രമാണ് ഭാരം. ഏറ്റവും കനംകുറഞ്ഞ കാർബൺകൊണ്ടാണ് കവാടത്തിന്റെ അഴികളുടെ നിർമാണം. ജർമനി, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുമാണ് മഷ്‌റബിയ അഴികൾ എത്തിച്ചത്. ലോക എക്സ്‌പോയിൽ എത്തിയ ഏറ്റവും വലിയ നിർമിതിയായിരുന്നു ഇത്. എക്സ്‌പോയിലെ പല ഇരിപ്പിടങ്ങളിലും ആസിഫ് ഖാന്റെ വിദ്യകളുണ്ട്. കൂടാതെ എക്സ്‌പോ പ്രദേശത്ത് 30,000 ചെടികൾ, 7000 ഗാഫ് മരങ്ങൾ എന്നിവയും ആസിഫ് ഖാന്റെ നേതൃത്വത്തിൽ നട്ടിട്ടുണ്ട്.

2015-ൽ മൊബിലിറ്റി പവിലിയന്റെ രൂപകൽപനയ്ക്കായാണ് ആസിഫ് ഖാൻ എത്തുന്നത്.

എക്സ്‌പോ വേദിയിൽ പ്രവേശന കവാടങ്ങൾ രൂപകൽപ്പന ചെയ്യാനും 200 പവിലിയനുകൾക്കുള്ള ഇടങ്ങൾ ക്രമീകരിക്കാനും അധികൃതർ ആവശ്യപ്പെടുകയായിരുന്നുവെന്ന് ആസിഫ് ഖാൻ പറഞ്ഞു.