ഷാബു സുൽത്താൻ: ദുബായിലെ നിരവധി സംരംഭങ്ങൾ നേരിൽക്കാണാൻ 23 വർഷത്തെ പ്രവാസജീവിതത്തിൽ ഭാഗ്യം ലഭിച്ചിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മേന്മയാണെങ്കിലും ദുബായ് എക്സ്‌പോ 2020 ലോകോത്തരം എന്നുതന്നെ വിശേഷിപ്പിക്കണം. 2013 - ൽ സാവോപോളോയെ പിന്നിലാക്കി എക്‌സ്‌പോ വേദി ദുബായ് നേടിയതറിഞ്ഞതുമുതൽ കാത്തിരിപ്പ് തുടങ്ങിയതാണ്. ലോകത്തെ പ്രതികൂലമായി ബാധിച്ച കോവിഡ് മഹാമാരിയെയും അതിജീവിച്ച് ദുബായ് നേടിയെടുത്തതാണ് ഈ വിസ്മയ മാമാങ്കം.

എക്സ്‌പോ നഗരിയിലെ അതിവിശാല പാർക്കിങ് സൗകര്യം മുതൽ തുടങ്ങുന്നതാണ് എക്സ്‌പോയുടെ വിസ്മയക്കാഴ്ചകൾ.

വാഹനം പാർക്കുചെയ്തതുമുതൽ ലഭിച്ച സൗജന്യ വാഹനസേവനം ഉപയോഗിച്ച് മൊബിലിറ്റി ഗേറ്റിലേക്കായിരുന്നു എന്റെ ആദ്യയാത്ര. നിർമിത ബുദ്ധിയുടെ സാങ്കേതിക മികവ് കവാടം മുതൽ വിളിച്ചോതുന്നു. അവാർഡ് ജേതാക്കളായ ഫോസ്റ്റർ ആൻഡ് പാർട്‌ണേഴ്‌സ് രൂപകൽപ്പന ചെയ്ത മൊബിലിറ്റി പവിലിയനിൽ ഒരേസമയം 160 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ ലിഫ്റ്റ് അവതരിപ്പിക്കുന്നു. പവിലിയനിൽ ഭാഗികമായി ഭൂഗർഭ പാതയിലും ഓപ്പൺ എയറിലുമായി 330 മീറ്റർ നീളുന്ന ട്രാക്ക് അക്ഷരാർഥത്തിൽ അതിശയിപ്പിക്കുന്നു. മായികലോകത്തെന്നപോലെ ത്രസിപ്പിക്കുന്ന നക്ഷത്ര ക്കൂട്ടങ്ങൾക്കിടയിലൂടെയുള്ള യാത്ര വിവരണാതീതം. മൊബിലിറ്റി പവിലിയനിലെ നിരവധി കാഴ്ചകൾ കാണാൻ കഴിഞ്ഞു, എല്ലാം വിസ്മയം തന്നെ.

സസ്‌റ്റൈനബിലിറ്റി പവിലിയനിലെ മറ്റൊരു ലാൻഡ്മാർക്കായി കണക്കാക്കപ്പെടുന്നു വാട്ടർ ഫീച്ചർ എന്ന മറ്റൊരു വിസ്മയം. പകൽ സമയത്ത് 13 മീറ്റർ ഉയരമുള്ള മതിലുകളിലൂടെ വെള്ളത്തിന്റെ പാളികൾ ശക്തമായി താഴേക്കൊഴുകി വെള്ളം ഒരു അഗ്നിവലയത്തിലേക്ക് ഊർന്നിറങ്ങുന്നതായി കാണപ്പെടുന്നു. രാത്രിയിൽ, സന്ദർശകർക്ക് ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്ന മറ്റൊരു കാഴ്ചയിൽ പുളകിതരാകാം, വെള്ളം മതിലുകൾക്ക് പിന്നിലേക്ക് ഒഴുകുന്ന അഭൂതപൂർവമായ ദൃശ്യവിസ്മയം.

അവാർഡ് ജേതാവായ സംഗീതസംവിധായകൻ രമിൻ ജാവാഡിയുടെ വരികൾ ലണ്ടൻ സിംഫണി മനോഹരമായി സംയോജിപ്പിച്ചുകൊണ്ട് വിസ്മയത്തിനു ശ്രവ്യ മാധുര്യം നൽകിയിരിക്കുന്നു.

ദുബായ് എക്സ്‌പോ 2020 എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവം തന്നെ. ലോക വിസ്മയങ്ങൾ മുഴുവൻ ഒരു മേൽക്കൂരയ്ക്ക് കീഴിൽ ആസ്വദിക്കുവാൻ ഇനിയെത്ര സന്ദർശനങ്ങൾ മതിയാകുമെന്നറിയില്ല. ഞാൻ എന്റെ 'ലോക പര്യടനം' തുടങ്ങിയിട്ടേയുള്ളൂ, ഇനിയുള്ള ആറുമാസത്തോളം ഈ വിസ്മയ ലോകത്തെ കാഴ്ചക്കാരായി ലക്ഷ്യങ്ങളിൽ ഒരാളായി ഞാനുമുണ്ടാകും.'എക്സ്‌പോ 2020 ദുബായ്' മായാകാഴ്ചകൾ നിങ്ങൾക്കും പങ്കുവെക്കാം: @mpp.co.in. വാട്‌സാപ്പ്: 0508972580