ദുബായ് : എക്സ്‌പോ പ്രചാരണത്തിന്റെ ഭാഗമായി ഒക്ടോബർ മാസം മുഴുവനും ചിൽഡ്രൻസ് സിറ്റിയിൽ ദുബായ് മുനിസിപ്പാലിറ്റി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും. ചിൽഡ്രൻസ് സിറ്റിയും എക്സ്‌പോ 2020-യും എന്ന പ്രമേയത്തിലാണ് പരിപാടി. സന്ദർശകർക്ക് ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളെക്കുറിച്ചറിയാൻ ഇവിടെ അവസരം ലഭിക്കും. രണ്ട് മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കായാണ് വിനോദകേന്ദ്രത്തിൽ പരിപാടികൾ നടക്കുക. എക്സ്‌പോ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ ശില്പശാലകളും ഇവിടെയുണ്ടാകും. യു.എ.ഇ അഡ്വഞ്ചേഴ്‌സ്, യുവ എക്സ്‌പോ കലാകാരൻമാർ, വിങ് ഷോകൾ, ഭാവനയുടെ വേഗം എന്നിവ കൂടാതെ നിശ്ചയദാർഢ്യക്കാർക്കായി പ്രത്യേക പരിപാടിയും അരങ്ങേറും. ചിൽഡ്രൻസ് സിറ്റിയുടെ അകത്തും പുറത്തുമായി പരിപാടിയുണ്ടാകും.

ദുബായ് ക്രീക്ക് പാർക്കിൽ 9000 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ മൂന്ന് നിലകളിൽ ക്യൂബ് ആകൃതിയിലാണ് കെട്ടിടം. കളിയിലൂടെയും പര്യവേക്ഷണത്തിലൂടെയും കുട്ടികളുടെ ഭാവന വികസിപ്പിക്കുന്നതിനായി വിവിധ പരിപാടികളും വർക്ക്‌ഷോപ്പുകളും നടക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഖാസിം സുൽത്താൻ പറഞ്ഞു. ലിഫ്റ്റ്, റാമ്പ്, പ്രത്യേക കളിപ്പാട്ടങ്ങൾ തുടങ്ങി നിശ്ചയദാർഢ്യമുള്ളവർക്കായി പ്രത്യേക സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.