ദുബായ് : അറബ്, അന്താരാഷ്ട്ര നാഗരികതകൾക്ക് ഒത്തു ചേരുന്നതിനുള്ള ഒരു വേദിയാണ് എക്സ്‌പോ 2020 ദുബായെന്ന് യു.എ.ഇ. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. എക്സ്‌പോ 2020-ലെ മൊറോക്കോ, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളുടെ പവിലിയനുകളിൽ അദ്ദേഹം കഴിഞ്ഞ ദിവസം സന്ദർശനം നടത്തി. 190 ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകമഹാമേള ലോകരാജ്യങ്ങൾക്കിടയിൽ ഐക്യം, സഹകരണം, ആശയവിനിമയം എന്നിവ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓപ്പർച്യുണിറ്റി ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന മൊറോക്കോയുടെ പവിലിയനിൽനിന്ന് രാജ്യത്തിന്റെ ചരിത്രം, സ്വത്വം, സാംസ്കാരിക പൈതൃകം എന്നിവ ചൂണ്ടിക്കാട്ടുന്ന വിവിധ പരിപാടികൾ അദ്ദേഹം ആസ്വദിച്ചു. മൊറോക്കോയുമായുള്ള ഊഷ്മളമായ ബന്ധം നിലനിർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ആയിരക്കണക്കിന് വർഷത്തെ പഴക്കമുള്ള രാജ്യത്തിന്റെ ചരിത്രത്തെയും, നാഗരികതകളെയും പ്രത്യേകം എടുത്ത് കാട്ടുന്ന രീതിയിലാണ് ഈജിപ്ത് പവിലിയൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈജിപ്ഷ്യൻ സംസ്‌കാരം, പുരാതന നാഗരികതകൾ എന്നിവ അടിസ്ഥാനമാക്കി സർഗവൈഭവത്തോടെ നിർമിച്ചിട്ടുള്ള ഈ പവിലിയനിലെ കാഴ്ചകളിലൂടെ അദ്ദേഹം പര്യവേക്ഷണം നടത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്തബന്ധത്തെ പ്രശംസിച്ച അദ്ദേഹം, ഈജിപ്ഷ്യൻ പവിലിയൻ എക്സ്‌പോ വേദിയ്ക്ക് ഒരു മുതൽക്കൂട്ടാണെന്നും അഭിപ്രായപ്പെട്ടു. തുടർന്ന് അദ്ദേഹം മൊബിലിറ്റി ഡിസ്ട്രിക്ടിലുള്ള ജോർദാൻ പവിലിയൻ സന്ദർശിച്ചു. വിവിധ മേഖലകളിൽ ജോർദാൻ കൈവരിച്ചിട്ടുള്ള നേട്ടങ്ങളെ ഉയർത്തിക്കാട്ടുന്ന രീതിയിലാണ് ഈ പവിലിയൻ രൂപപ്പെടുത്തിയിരിക്കുന്നത്.