ദുബായ് : സംഭാവന, ധനസമാഹരണം എന്നിവയുൾപ്പെടെ സന്നദ്ധസംഘടനകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ യു.എ.ഇ.യിൽ പുതിയ നിയമം വരുന്നു. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചാണ് പുതിയ നിയമം നടപ്പാക്കുക. കള്ളപ്പണം, തീവ്രവാദപ്രവർത്തനങ്ങൾക്ക് സഹായം നൽകൽ എന്നിവയ്ക്കെതിരെയുള്ള നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്.

യു.എ.ഇ.യിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന സംഘടനകളെല്ലാം നിയമലംഘനങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് സാമൂഹിക വികസന മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന സമിതിയംഗവുമായ നാസർ ഇസ്മായിൽ വ്യക്തമാക്കി. രാജ്യത്ത് അംഗീകാരം ലഭിച്ച സംഘടനകൾക്കു മാത്രമേ പൊതുജനങ്ങളിൽനിന്ന് സംഭാവനകൾ സ്വീകരിക്കാൻ അവകാശമുള്ളൂ.

യു.എ.ഇ.യിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും അധികൃതർ നിരീക്ഷിച്ചുവരികയാണ്. ഇത് സംബന്ധിച്ചുള്ള ബോധവത്കരണം ശക്തമാക്കാനാണ് തീരുമാനം.