മസ്‌കറ്റ് : ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതത്തിലായ ജനവിഭാഗത്തെ മന്ത്രിതല സമിതി നേരിൽ കണ്ടു. ദുരന്തത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾ സംഘം വിലയിരുത്തി. സമിതി ചെയർമാനും ധനമന്ത്രിയുമായ സുൽത്താൻ ബിൻ സാലിം അൽ ഹബ്‌സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമിന്റെ ഓപ്പറേഷൻ കേന്ദ്രങ്ങളിലെത്തിയത്. കൂടാതെ ഖാബൂറ വിലായത്തിലും സംഘമെത്തി പരിശോധിച്ചു.

ദുരന്തങ്ങളിൽപ്പെടുന്നവരുടെ പുനരധിവാസത്തിനും പ്രദേശങ്ങളുടെ പുനർനിർമാണത്തിനുമായി ദേശീയ അടിയന്തര സഹായ ഫണ്ട് രൂപവത്‌കരിക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കുന്നതിനും തകർന്ന റോഡുകളും വീടുകളും കെട്ടിടങ്ങളും മറ്റും പുനർനിർമിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ പരിഹരിക്കുന്നതിനും രാജ്യത്തെ സാധാരണ ഗതിയിലേക്ക് എത്തിക്കുന്നതിനുമാണ് ഇപ്പോൾ മുഖ്യപരിഗണന നൽകുന്നത്. ഇതിനായി ചുമതല ഏൽപ്പിക്കപ്പെട്ട മന്ത്രിതല സമിതി മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തബാധിതർക്ക് സഹായം എത്തിക്കുന്നതിൽ സന്നദ്ധപ്രവർത്തകർ വഹിച്ച പങ്കിനെയും സുൽത്താൻ പ്രകീർത്തിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ ബന്ധപ്പെടുകയും ഐക്യ ദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത എല്ലാ രാജ്യങ്ങൾക്കും സുൽത്താൻ നന്ദി പറഞ്ഞു.

കോവിഡ് കേസുകൾ കുറഞ്ഞു

ഒമാനിൽ 21 പേർക്ക് മാത്രമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 25 പേർ രോഗമുക്തരായി ഒരാൾകൂടി രോഗം ബാധിച്ച് മരണപ്പെട്ടു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഒമാനിൽ ആകെ 3,03,999 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 2,99,334 പേരും രോഗമുക്തരായി. ആകെ 4103 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് കാരണം ജീവൻ നഷ്ടമായത്. നിലവിൽ 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇപ്പോൾ 567 രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരെ കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുൾപ്പെടെ 19 രോഗികൾ ഇപ്പോൾ രാജ്യത്തെ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ ആറ് പേരുടെ നില ഗുരുതരമാണ്.

വാക്‌സിനേഷൻ പുനരാരംഭിച്ചു

ഒമാനിൽ പ്രവാസികൾക്ക് ചൊവ്വാഴ്ച മുതൽ ആസ്ട്രസെനിക വാക്‌സന്റെ ആദ്യ ഡോസ് നൽകിത്തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് വാക്സിൻ നൽകുന്നത്. തരാസുദ് പ്ലസ് മൊബൈൽ ആപ്ലിക്കേഷൻ സംവിധാനത്തിലൂടെയോ അല്ലെങ്കിൽ covid19.moh.gov.om എന്ന വെബ്‌സൈറ്റ് വഴിയോ വാക്സിനെടുക്കാൻ രജിസ്റ്റർ ചെയ്യാനാവുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഒമാനിലെ ഷഹീൻ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ ബുധനാഴ്ച മുതൽ വാക്സിനേഷൻ പുനരാരംഭിക്കും. അൽ ഖബൂറ, സുവൈഖ് വിലയാത്തുകളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും വാക്‌സിനേഷൻ പുനരാരംഭിക്കുകയാണെന്ന് നോർത്ത് അൽ ബാത്തിന ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റ് ജനറൽ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി. ചുഴലിക്കാറ്റടിച്ച പ്രദേശങ്ങളിൽ ശുചീകരണങ്ങൾ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ ജനജീവിതം ഇപ്പോൾ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്.