മൂലപ്രകൃതിയായ ദേവിയുടെ പ്രധാന അംശാവതാരമാണ് ദക്ഷിണ. ദേവന്മാർ, ഋഷിമാർ എന്നിവർ ചെയ്യുന്ന യജ്ഞത്തിന് ഫലം ലഭിക്കാത്തപ്പോൾ അവർ ബ്രഹ്മാവിനെ ചെന്നുകണ്ടു. ബ്രഹ്മാവ്‌ മഹാവിഷ്ണുവിനെ ശരണംപ്രാപിച്ചു. വിഷ്ണു, ലക്ഷ്മിയുടെ ദേഹത്തുനിന്ന് മർത്യലക്ഷ്മിയായ ഒരു കന്യകയെ വേർപെടുത്തി ബ്രഹ്മാവിനു നൽകി. ലക്ഷ്മിയുടെ വലത്തേ തോളിൽനിന്നും ഉണ്ടായതിനാൽ ദക്ഷിണ എന്ന പേരുവന്നു. ബ്രഹ്മാവ് അവളെ യജ്ഞന് നൽകി. യജ്ഞൻ ദക്ഷിണയെ തന്റെ ഭാര്യയാക്കി. കർമം പൂർത്തിയായാൽ ഉടൻ കർത്താവ് ദക്ഷിണ നൽകണം. ദക്ഷിണ നൽകിയില്ലെങ്കിൽ ഫലം വിപരീതമാവും. നൽകിയാൽ ഫലം ഉടനെ ലഭിക്കും. ദക്ഷിണാദേവിയെ പൂജിക്കുന്നവർക്ക് കർമത്തിൽ ന്യൂനതവരില്ല.

ഷഷ്ഠിദേവി: മൂലപ്രകൃതിയായ ദേവിയുടെ ഷഷ്ഠാംശമായി അവതരിച്ചവളാണ് ഷഷ്ഠിദേവി. ദേവിയുടെ പ്രധാന അംശാവതാരമാണ്. ദേവസേന എന്നും പേരുണ്ട്. ബാലന്മാരുടെ അധിഷ്ഠാനദേവതയാണ്. ബ്രഹ്മാവ് ഈശ്വരിയായ ദേവസേനയെ സൃഷ്ടിച്ച് സുബ്രഹ്മണ്യന് നൽകി. സന്താനപ്രദയാണ്. പ്രിയവ്രതരാജാവിന്റെ ഭാര്യ ചാപിള്ളയെ പ്രസവിച്ചപ്പോൾ ഷഷ്ഠിദേവിയുടെ അനുഗ്രഹത്താൽ കുട്ടിക്ക്‌ ജീവനുണ്ടായി.

മംഗളചണ്ഡിക:മൂലപ്രകൃതിയായ ദേവിയുടെ മുഖത്തുനിന്നാണ് മംഗളചണ്ഡിക ഉണ്ടായത്. സൃഷ്ടിസമയത്ത് മംഗളരൂപിണിയും സംഹാരസമയത്ത് കോപസ്വരൂപിണിയും ആയതിനാൽ മംഗളചണ്ഡിക എന്ന പേരുവന്നു. മംഗളത്തെ പ്രദാനം ചെയ്യുന്നവളാണ്. മംഗളൻ എന്ന രാജാവിന്റെ അഭീഷ്ടദേവതയാണ്. മഹാദേവനാണ് മംഗളചണ്ഡികയെ ആദ്യം പൂജിച്ചത്. മഹാദേവൻ ത്രിപുരന്മാരെ വധിച്ചത് മംഗളചണ്ഡികയുടെ അനുഗ്രഹത്താലാണ്.

മനസാദേവി:ദേവിയുടെ പ്രധാന അംശാവതാരമാണ് മനസാദേവി. കശ്യപമഹർഷിയുടെ മാനസപുത്രിയായതിനാലാണ് മനസാ എന്ന പേരുവന്നത്. അനന്തന്റെ സഹോദരിയാണ്. ജരൽക്കാരു മഹർഷിയുടെ ഭാര്യയാണ്. ഇവരുടെ മകനാണ് അസ്തീകൻ. ജനമേജയൻ നടത്തിയിരുന്ന സർപ്പയാഗം അസ്തീകനാണ് നിർത്തിച്ചത്. മനസാദേവിയെ സ്മരിക്കുന്നവർക്ക് സർപ്പഭയമുണ്ടാവില്ല.

കാളി:മൂലപ്രകൃതിയായ ദേവിയുടെ പൂർണാവതാരമാണ് ഭദ്രകാളി. ദുർഗയുടെ നെറ്റിത്തടത്തിൽനിന്നാണ് ജനിച്ചത്. ദേവിയുടെ അർധാംഗ സ്വരൂപയാണ്. ബ്രഹ്മാദിദേവന്മാരും മുനിമാരും ഭദ്രകാളിയെ ബഹുമാനിച്ചാദരിക്കുന്നു. ദുഷ്ടസംഹാരിണിയാണ് കാളി. ദേവിക്ക് തുല്യശക്തിയുള്ളവളാണ്.

കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ

കുലം ച കുലധർമ്മം ച മാം പാലയപാലയ