അബുദാബി : ഗൂഗിൾ മാപ്പിൽ കൂടുതൽ അഡ്രസുകൾ ഉൾപ്പെടുത്തി അബുദാബി മുനിസിപ്പാലിറ്റി ഗതാഗതവകുപ്പ്. ഓൺലൈനിൽ വഴി തിരയുന്നവർക്ക് രണ്ടുലക്ഷത്തിലേറെ അഡ്രസുകൾ എളുപ്പത്തിൽ അറിയാനാകും.

മുനിസിപ്പാലിറ്റി ഗതാഗത വകുപ്പിന്റെ ‘ഓൺവാനി അഡ്രസ് സിസ്റ്റം’ വഴിയാണ് വിവരങ്ങൾ ക്രോഡീകരിക്കുന്നത്. റോഡുകൾ, കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടും.

അടിയന്തര സേവനങ്ങൾ, യാത്രകൾ, ഗതാഗതസംവിധാനങ്ങൾ എന്നിവയെല്ലാം കുറ്റമറ്റതും വേഗത്തിലുമാക്കാൻ ഇതിലൂടെ കഴിയുമെന്ന് മുനിസിപ്പാലിറ്റി ഐ.ടി. വിഭാഗം ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഒമർ അൽ ഷൈബ പറഞ്ഞു. സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക, വിനോദസഞ്ചാര, സാംസ്കാരിക, സുരക്ഷാരംഗങ്ങളിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഇത് സഹായിക്കും.