ഷഹനാസ് തിക്കോടി

: ആത്മനിയന്ത്രണത്തിന്റെ ചിട്ടയായ പരിശീലനത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ഒരു പെരുന്നാൾ ദിനം കൂടി വന്നെത്തി. തലമുറകൾക്ക് പരിചിതമല്ലാത്ത സങ്കീർണതയുടെ നടുവിലാണ് ഇന്നത്തെ ലോകം. സഹജീവികളോടുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും ഉദാത്ത സന്ദേശം വെളിപ്പെടുത്തുന്ന അനുവദനീയമായ ഈ ആഘോഷം ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ സൂക്ഷ്മതയോടെ കൊണ്ടാടേണ്ട അവസ്ഥയിലേക്ക് നാം എത്തിച്ചേർന്നിരിക്കുന്നു. പ്രവാസത്തിന്റെ ഏകാന്തതയിലേക്ക് ഇത്തരം ആഘോഷങ്ങൾ വന്നുചേരുമ്പോൾ പിന്നിട്ട നാളിലെ നാട്ടോർമകളിലെ പെരുന്നാൾ ദിനം നമുക്കൊപ്പം വന്നുചേരും. മാതാപിതാക്കളുടെ തണലിൽ മറ്റൊന്നിനെക്കുറിച്ചും വേവലാതിപ്പെടാനില്ലാത്ത കുട്ടിക്കാലത്തെ മാധുര്യമേറിയ പെരുന്നാൾ ദിനത്തെ ഓർക്കുകയാണ്.

കോഴിക്കോട് ജില്ലയിലെ തിക്കോടിയിൽ പാലൂർ ജുമാമസ്ജിദിന്റെ അരികിലാണ് എന്റെ വീട്. പള്ളിക്കരികിലുള്ള വീടായതിനാൽ പെരുന്നാൾ ദിനം വീട്ടിൽ നടക്കാറുള്ള നൈർമല്യമേറിയ ചില ഓർമകൾ മായാതെ ഇന്നും മനസ്സിൽ നിൽക്കുന്നു. മാസപ്പിറവി കാണുന്നതിനെ മാസം കാണുക എന്ന ഗ്രാമീണ ഭാഷയുടെ ലളിതവത്കരണമാണെന്നത് മുതിർന്നപ്പോഴാണ് മനസ്സിലായത്. പെരുന്നാൾ രാവിന്റെ ആദ്യസൂചന തക്ബീർ ധ്വനിയിലൂടെ പള്ളിയുടെ മിനാരത്തിൽനിന്ന്‌ കേൾക്കുമ്പോൾ തന്നെ മനസ്സിന് വന്നുചേരുന്ന അപൂർവമായ ഒരനുഭവം ഏറെ ഹൃദ്യമാണ്. ബന്ധുക്കളിൽനിന്നും ലഭിച്ച സക്കാത്തിന്റെ ഒരുവിഹിതം പടക്കങ്ങൾക്കായി മാറ്റിവെച്ചിരുന്ന കാലം. വീടിന്റെ അടുത്തുള്ള പലചരക്കുകടയായിരുന്നു ഞങ്ങളെ പുലർത്താൻ ഉപ്പയുടെ ഉപജീവന മാർഗം.

കടയുംപൂട്ടി ഉപ്പ വരുമ്പോഴേക്കും അനുവദിക്കപ്പെട്ട കമ്പിത്തിരി, മത്താപ്പൂ ഇത്യാദി വർണങ്ങൾ തനിച്ച് കത്തിച്ച നിർവൃതിയിൽ വീടിന്റെ ഉമ്മറത്ത് ഞാൻ നിൽക്കും. ഓലപ്പടക്കം കൈയിൽനിന്നും എറിഞ്ഞു പൊട്ടിക്കാൻ ഉപ്പാക്ക് ഏറെ വൈദഗ്ധ്യം ഉണ്ടായിരുന്നു. ബേജാറ് അൽപം കൂടുതലുള്ള ഉമ്മ ഓരോ പടക്കം പൊട്ടുമ്പോഴും ഇതുകൂടി മതി എന്ന് വീണ്ടും വീണ്ടും പറയാറുള്ളതും ഓർക്കുകയാണ്. വറുതിയുടെ കാലത്തും പുതുവസ്ത്രങ്ങൾക്കും വിഭവസമൃദ്ധമായ ഭക്ഷണത്തിനും പെരുന്നാൾ ദിനങ്ങൾ ഓരോ വീട്ടിലും സാക്ഷിയാവാറുണ്ട്.

പുത്തൻ വസ്ത്രത്തിന്റെ പാകം ഇടയ്ക്കിടെ ഇട്ടുനോക്കൽ എന്ന പ്രക്രിയയിലൂടെ കണിശപ്പെടുത്തിയിരുന്ന കാഴ്ച ഇന്നും ഓർമയിലുണ്ട്. ഉറക്കം വരാതെ ഉറങ്ങാൻ കിടന്ന് പ്രഭാതത്തിനായുള്ള കാത്തിരിപ്പ്. ഓർമവെച്ച നാൾ മുതൽ കണ്ട പെരുന്നാൾ ദിനങ്ങളിലെ ചിലത് ഓർമ്മകളുടെ കൂട്ടത്തിലേക്ക് പൊടുന്നനെ തെന്നിയത് വിശ്വസിക്കാനാവുന്നില്ല.

പെരുന്നാൾ ദിനം അതിരാവിലെ സമീപമുള്ള പള്ളിയിൽ ഞങ്ങൾ പോവുന്നതിനു മുൻപേ ഉമ്മയുടെ അടുക്കളയിലെ വിഭവങ്ങൾ തയ്യാറാവും. ഇതിനുവേണ്ടി തലേന്നാൾ ഉമ്മ ശരിക്കും ഉറങ്ങാറില്ല എന്നുതന്നെ പറയാം. ഇത് വീട്ടിലുള്ള ആളുകൾക്കുവേണ്ടി മാത്രമല്ല തയ്യാറാക്കുന്നത്. പള്ളിയിൽ നമസ്കാരം കഴിഞ്ഞു പോകുന്നവരിൽ പലരും ഉമ്മയുടെ ഈ കൈപ്പുണ്യം അനുഭവിച്ചറിഞ്ഞവരാണ്.

പത്തിരിയും ഇറച്ചിക്കറിയും ആണ് വിഭവങ്ങൾ. എല്ലാവരുടെയും വീട്ടിൽ ആ നാളിൽ ഉണ്ടാവുന്നതല്ലേ ഇതെന്ന ചോദ്യം സ്വാഭാവികം. എന്നാൽ ഇതൊരു അനിവാര്യതയായിരുന്നു ചിലർക്കെങ്കിലും. കാരണം ഉമ്മയുടെ നിഷ്കളങ്കമായ ആ സ്നേഹവിരുന്ന് അനുഭവിച്ചവരാരും ആ വഴി മറന്ന് പള്ളിയിൽനിന്നും പോവുന്നത് കാണാറില്ല. തിരക്കാണെങ്കിൽ ഇരിക്കണ്ട, മോനേ കുറച്ചു കഞ്ഞി എടുക്കട്ടേ എന്ന ചോദ്യത്തിന് മുൻപിൽ എന്നാ എടുത്തോളൂ എന്ന മറുപടിയേ കേൾക്കാറുള്ളൂ.

പുത്തൻ വസ്ത്രങ്ങളുടെ തനിമയോടെ ബന്ധുവീടുകളിലേക്കുള്ള സന്ദർശനമാണ് പിന്നീട്. പോകുന്നിടങ്ങളിൽ നിന്നെല്ലാം അടുക്കളയിലെ സ്പെഷ്യൽ വിഭവങ്ങളുടെ രുചി ആസ്വാദനവും ആഘോഷത്തിന്റെ മറ്റൊരു ഭാഗമാണ്. സുഭിക്ഷമായ ഉച്ച ഭക്ഷണം കഴിഞ്ഞ് കൂട്ടുകാരോടൊത്ത് അനുവദിക്കപ്പെട്ട ഇടങ്ങളിലേക്ക്...

മിക്കവാറും കാപ്പാട് ബീച്ചിലേക്കുള്ള ഒരു യാത്രയോടെ പെരുന്നാൾ ദിനം ആഘോഷപൂരിതമാവും. 20 വർഷം മുൻപ് ഉപ്പയും നാല് വർഷം മുൻപ് ഉമ്മയും ഈ ലോകത്തുനിന്നും വിട വാങ്ങി. എങ്കിലും ഇരുവരും പകർന്നു നൽകിയ സ്നേഹവായ്പ് ഓർമകളിലൂടെ നിലനിർത്തുന്നതാണ് എന്റെ പെരുന്നാൾ ദിനം.

പഞ്ചേന്ദ്രിയങ്ങളെ അടക്കിനിർത്തി വ്രത മാസം പ്രാർഥനാ സൂക്തങ്ങളാൽ ആർജിച്ചെടുത്ത ആത്മീയതേജസ്സ് സഹജീവികളോടുള്ള കരുണയായി പ്രതിഫലിപ്പിക്കാൻ കൂടി നമുക്ക് കഴിയേണ്ടതുണ്ട്. അത് അനിവാര്യമായ കാലത്തിന്റെ മുറ്റത്താണ് നാമിന്ന്.